മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ ; ശ്രീകാന്തിനും കൃഷ്ണകുമാറിനും സമൻസയച്ച് ഇഡി

','

' ); } ?>

തമിഴ് നടന്മാരായ കെ. ശ്രീകാന്തിനും കൃഷ്ണകുമാറിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസയച്ച് ഇഡി. മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളിലാണ് നടപടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) പ്രകാരമാണ് ഇരുവരുടേയും മൊഴിയെടുക്കുക. ശ്രീകാന്തിനോട് തിങ്കളാഴ്ചയും കൃഷ്ണകുമാറിനോട് ചൊവ്വാഴ്ചയും അന്വേഷണോദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാനാണ് ഇ.ഡിയുടെ സോണല്‍ ഓഫീസ് നിർദ്ദേശിച്ചിട്ടുള്ളത്.

നേരത്തേ കൃഷ്ണകുമാറിനേയും ശ്രീകാന്തിനേയും കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കൊപ്പം മറ്റു ചിലരും കേസില്‍ അറസ്റ്റിലായി. പിന്നീട് മദ്രാസ് ഹൈക്കോടതിയാണ് ഇവര്‍ക്ക് ഉപാധികളോടെ ജാമ്യം നല്‍കിയത്. കഴിഞ്ഞ ജൂണിലാണ് മയക്കുരുന്ന് കേസുമായി ബന്ധപ്പെട്ട് ശ്രീകാന്തിനും കൃഷ്ണകുമാറിനുമെതിരെ തമിഴ്‌നാട് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡിയും എത്തുന്നത്.

പ്രസാദ് എന്ന എഐഎഡിഎംകെ നേതാവും അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇയാളാണ് മയക്കുമരുന്ന് ശ്രീകാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് എത്തിച്ചുനല്‍കിയതെന്നാണ് ആരോപണം. എഐഎഡിഎംകെയുടെ ഐടി വിഭാഗത്തിലുണ്ടായിരുന്ന മയിലാപ്പൂർ സ്വദേശി പ്രസാദിൻ്റെ അറസ്റ്റിൽ നിന്നാണ് പോലീസ് ശ്രീകാന്തിലേക്ക് എത്തിയത്. എഐഎഡിഎംകെ പുറത്താക്കിയ ഇയാളെ ചെന്നൈയിലെ പബ്ബിലുണ്ടായ കശപിശയെ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് നടന്ന അന്വേഷണത്തിൽ ഇയാൾക്ക് മയക്കുമരുന്ന് ഇടപാടുണ്ടെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

പ്രസാദിന്റെ മൊഴി പ്രകാരമാണ് ശ്രീകാന്തിനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ശ്രീകാന്തിന് മയക്കുമരുന്ന് (കൊക്കെയ്ൻ) വിറ്റതായി പ്രസാദ് ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞു. ഒരു ഗ്രാം കൊക്കെയ്ന് 12,000 രൂപ എന്ന നിരക്കിലാണ് ഇയാൾ ശ്രീകാന്തിന് കൊക്കെയ്ൻ നൽകിയത്. ഇത്തരത്തിൽ 40 തവണയായി 7.72 ലക്ഷം രൂപ ഗൂഗിൾ പേ വഴി നൽകി ശ്രീകാന്ത് തൻ്റെ കൈയിൽ നിന്ന് കൊക്കെയ്ൻ വാങ്ങിയിട്ടുണ്ടെന്നും പ്രസാദ് പോലീസിനോട് പറഞ്ഞു. ഇത് കൂടാതെ സ്വകാര്യ പാർട്ടികളിലും ശ്രീകാന്ത് മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും പ്രസാദ് പോലീസിനോട് പറഞ്ഞു. മയക്കുമരുന്ന് കേസിൽ ശ്രീകാന്തിന് പുറമെ കൃഷ്ണ എന്ന മറ്റൊരു നടനെ കുറിച്ച് കൂടി പോലീസ് അന്വേഷിക്കുന്നുണ്ട്.