
കുഞ്ഞുണ്ടായതിനു പിന്നാലെ അപൂർവ വിശേഷം പങ്കുവെച്ച് നടി ദുർഗ കൃഷ്ണ. ദുർഗയുടെ ഭർത്താവ് അർജുന്റെ ജന്മദിനത്തിൽ തന്നെയാണ് കുഞ്ഞിന്റെ ജനനവും. അത് കൊണ്ട് തന്നെ ‘ഞങ്ങൾക്ക് പിറന്നാൾ ആശംസകൾ. ഇനി മുതൽ ഞങ്ങൾ മൂന്നുപേർക്കും ഒരുമിച്ച് പിറന്നാൾ ആഘോഷിക്കാം’, എന്ന അടിക്കുറിപ്പോടെയാണ് കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ ദുർഗ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിനെ ചേർത്തുപിടിച്ച് ആശുപത്രി കിടക്കയിൽ കിടന്നു കൊണ്ട് ദുർഗ ഭർത്താവിനൊപ്പം കേക്ക് മുറിച്ചാഘോഷിക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.
‘എന്റെ ജീവിതത്തിലെ സ്നേഹത്തിന് ജന്മദിനാശംസകൾ. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായത്തിലേക്ക് കാലെടുത്തുവയ്ക്കാൻ പോകുന്ന മനുഷ്യൻ. ഈ വർഷം നിങ്ങളുടെ ജന്മദിനത്തിന് കൂടുതൽ പ്രത്യേകതയുണ്ട്. നിങ്ങളുടെ ജന്മദിനം മാത്രമല്ല ഇന്ന്. നമ്മുടെ കുഞ്ഞ് നമ്മളെ കാണാൻ തീരുമാനിച്ച ദിവസം കൂടിയാണിന്ന്. ജന്മദിനത്തിൽ തന്നെ നിങ്ങളൊരു അച്ഛനാകുന്നു എന്നത് എനിക്ക് ഒരുപാട് സന്തോഷം തരുന്നു. എന്റെ ഓരോ ഹൃദയമിടിപ്പിലും ഈ യാത്രയിലെ ഓരോ നിമിഷത്തിലും നിങ്ങൾ എന്റെ ശക്തിയായിരുന്നു. നമ്മുടെ കുഞ്ഞിനെ നിങ്ങൾ കൈകളിൽ എടുക്കുന്നതു കാണാൻ കാത്തിരിക്കുകയാണ് ഞാൻ. ജീവിതം നമുക്ക് രണ്ടുപേർക്കും നൽകുന്ന ഏറ്റവും മികച്ച സമ്മാനമാണിത്. ജന്മദിനാശംസകൾ, എന്റെ പ്രിയതമനേ’ –അർജുന് ജന്മദിനത്തിൽ ദുർഗകൃഷ്ണ കുറിച്ചു.
വിവാഹം കഴിഞ്ഞ് നാലു വർഷങ്ങൾക്കിപ്പുറം ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തിയ സന്തോഷത്തിലാണ് ഇരുവരും. കഴിഞ്ഞ ജൂൺ മാസത്തിലാണ് അമ്മയാകാൻ ഒരുങ്ങുന്നുവെന്ന സന്തോഷ വാർത്ത ദുർഗ കൃഷ്ണ ആരാധകരെ അറിയിച്ചത്. 2021 ഏപ്രിലിൽ ആയിരുന്നു ദുർഗ കൃഷ്ണയും നിര്മാതാവും ബിസിനസുകാരനുമായ അർജുനും വിവാഹിതരായത്.
‘വിമാനം’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ദുർഗ. അഭിനയത്തിന് പുറമെ നല്ലൊരു നർത്തകി കൂടിയാണ് താരം.
‘പ്രേതം 2’, ‘ഉടൽ’, ‘ലവ് ആക്ഷൻ ഡ്രാമ’ എന്നിവയാണ് പ്രധാന സിനിമകൾ. എം.എ. നിഷാദ് സംവിധാനം ചെയ്ത ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്.