
വിജയ് ദേവരക്കൊണ്ട നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡിയര്‍ കോമ്രേഡ്. ചിത്രത്തിന്റെ മലയാളം പതിപ്പ് നടന്‍ ദുല്‍ഖര്‍ സല്‍മാനായിരുന്നു പുറത്തുവിട്ടത്. ‘സഹോദരന്‍ വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിന്റെ ട്രെയിലര്‍ സന്തോഷത്തോടെ ലോഞ്ച് ചെയ്യുന്നു’ എന്ന തലക്കെട്ടോടെയാണ് ദുല്‍ഖര്‍ ട്രെയിലര്‍ പുറത്ത് വിട്ടത്.
പിന്നാലെ താരത്തിന് നന്ദിയറിയിച്ച് വിജയ് ദേവരക്കൊണ്ടയും മറുപടി നല്‍കി. ‘കുഞ്ഞിക്കാ ഐ ലവ് യൂ. നിങ്ങളാണ് ബെസ്റ്റ്’ എന്ന് വിജയ് കുറിച്ചു. ഒപ്പം താനും ദുല്‍ഖറും ചേര്‍ന്ന് ഒരു വമ്പന്‍ സര്‍പ്രൈസ് പ്രേക്ഷകര്‍ക്കായി ഒരുക്കിയിട്ടുണ്ട് എന്നും വിജയ് ദേവരക്കൊണ്ട പറയുന്നു. ദുല്‍ഖറും വിജയും ഒരു ചിത്രത്തിലൂടെ ഒന്നിക്കുന്നു എന്നതിന്റെ സൂചനയാണോ ഇതെന്നും ആരാധകര്‍ സംശയിക്കുന്നുണ്ട്.
ഡിയര്‍ കോമ്രേഡ് സംവിധാനം ചെയ്തിരിക്കുന്നത് ഭരത് കമ്മയാണ്. രശ്മിക മന്ദാനയാണ് നായിക. ചിത്രം തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ പുറത്തിറങ്ങും. ഡിയര്‍ കോമ്രേഡ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ അമല്‍ നീരദ് ചിത്രം ‘സിഐഎ കോമ്രേഡ് ഇന്‍ അമേരിക്ക’യുടെ റീമേക്കാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സംവിധായകന്‍ ഭരത് കമ്മ ഇതിനെ എതിര്‍ത്ത് രംഗത്തുവന്നിരുന്നു. ദുല്‍ഖറിന്റെ തെലുങ്ക് ചിത്രം മഹാനടിയില്‍ വിജയ് ദേവരക്കൊണ്ടയും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു.