ദുല്‍ഖര്‍ സല്മാന് ചിത്രം ‘കുറുപ്പ്’ അഞ്ച് ഭാഷകളിലായി റിലീസിനെത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക.ശ്രീനാഥ് രാജേന്ദ്രന് ആണ് ചിത്രത്തിന്റെ സംവിധായകന്.
കേരളം കണ്ട ഏറ്റവും വലിയ പിടിക്കിട്ടാപുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്ടൈന്മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചത്.
ജിതിന് കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന് ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.റെക്കോര്‍ഡ് തുകക്ക് ചിത്രം ഒ ടി ടി റിലീസിനെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.