
നിര്‍മ്മാണ രംഗത്തേയ്ക്കും ചുവട് വെച്ച് മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍. പുതിയ പ്രതിഭകള്‍ക്ക് അവസരം നല്‍കുകയെന്നതാണ് ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ ലക്ഷ്യം. മികച്ച കഥകളുമായി വരുന്ന നവാഗത സംവിധായകര്‍ക്കും രചയിതാക്കള്‍ക്കും കമ്പനി അവസരം നല്‍കും. മികച്ച കഥകള്‍ കണ്ടെത്താനായി ദുല്‍ഖര്‍ ഒരു ടീമിനെത്തന്നെ നിയോഗിച്ചിട്ടുണ്ട്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ദുല്‍ഖര്‍ സല്‍മാന്‍തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.
അതേ സമയം ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയുടെയും സിനിമയുടെയും പേര് വ്യക്തമാക്കിയിട്ടില്ല. ബാനറിന്റെ പേരും സിനിമയുടെ പേരും ഉടനെ പ്രഖ്യാപിക്കുമെന്നും ദുല്‍ഖര്‍ പറയുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള കാസ്റ്റിങ് കോളും താരം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഏപ്രില്‍ 27 വരെ എന്‍ട്രികള്‍ അയയ്ക്കാം. സിനിമയുടെ ചിത്രീകരണം മെയ് മാസം തുടങ്ങുമെന്നാണ് സൂചന.
ദുല്‍ഖര്‍ നായകനായെത്തുന്ന ചിത്രം ഒരു യമണ്ടന്‍ പ്രേമകഥ ഈ മാസം 25 ന് തിയേറ്ററുകളിലെത്തുകയാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ ബി.സി. നൗഫലാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനുമാണ്. സംയുക്താമേനോനും നിഖിലാ വിമലുമാണ് നായികമാര്‍. ബോളിവുഡില്‍ സോയാ ഫാക്ടര്‍ തമിഴില്‍ കണ്ണും കണ്ണും കൊള്ളയടിത്താല്‍, വാന്‍ എന്നിവയാണ് ദുല്‍ഖറിന്റേതായി ഇനി റിലീസാവാനുള്ള ചിത്രങ്ങള്‍.