‘ഹറാമാണ്, തൊട്ടാല്‍ 7 തവണ കുളിക്കണം’..ദുല്‍ഖറിനെതിരെ വിമര്‍ശനം

വളര്‍ത്തുനായയ്‌ക്കൊപ്പമുള്ള ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരുമായി പങ്കുവച്ച നടന്‍ ദുല്‍ഖര്‍ സല്‍മാന് രൂക്ഷ വിമര്‍ശനം. കഴിഞ്ഞ ദിവസം തന്റെ വളര്‍ത്തുനായയെ പരിചയപ്പെടുത്തിക്കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ദുല്‍ഖര്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. നായയ്‌ക്കൊപ്പം ഇരിക്കുന്ന ചിത്രം സഹിതമായിരുന്നു പോസ്റ്റ്. ചിത്രത്തിന് താഴെ നിരവധിയാളുകളാണ് ദുല്‍ഖറിനെ വിമര്‍ശിച്ച് കമന്റുകളിട്ടിരിക്കുന്നത്.

‘അറിയാവുന്നവര്‍ക്ക് മനസ്സിലാകും, ഇതെത്ര വലിയ സംഭവമാണൈന്ന്. കുട്ടിയായിരുന്ന കാലത്ത് നായകളെ കാണുമ്പോള്‍ പേടിയായിരുന്നു. പക്ഷേ, ഹണി, ഇവളാണ് എന്നെ മാറ്റിയത്. എത്ര ഹാപ്പിയായ മനോഹരിയായ കൂട്ടുകാരി’ എന്ന അടിക്കുറിപ്പോടെയാണ് ദുല്‍ഖര്‍ ചിത്രം പോസ്റ്റ് ചെയ്തത്.

നിരവധി ആരാധകര്‍ പോസ്റ്റ് ലൈക്ക് ചെയ്യുകയും എന്നാല്‍ ഒരു വിഭാഗം രൂക്ഷ വിമര്‍ശനവുമാണ് അഴിച്ചുവിടുന്നത്. ചിത്രം ഷെയര്‍ ചെയ്തതിന് പിന്നാലെ പട്ടി ഹറാമാണെന്നും, ഇസ്ലാം മതത്തിന്റെ രീതിക്ക് ചേര്‍ന്നതല്ല, ഹറാമാണെന്ന കാര്യം ഓര്‍ക്കുന്നതാണ് നല്ലത്, സെലിബ്രിറ്റിയായാലും ആരായാലും മുസ്ലീമാണെന്ന കാര്യം മറക്കരുത്,ഏഴു തവണ കുളിക്കണം തുടങ്ങിയ നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. അതേസമയം ദുല്‍ഖറിനെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.