“വ്യത്യസ്തമായ സിനിമകള്‍ ചെയ്യാനുള്ള ധൈര്യം ലഭിക്കുന്നത് മലയാളികളിൽ നിന്ന്, അവര്‍ക്ക് നമ്മളേക്കാള്‍ ബുദ്ധിയിട്ടുണ്ട്”; ദുൽഖർ സൽമാൻ

','

' ); } ?>

വ്യത്യസ്തമായ സിനിമകള്‍ ചെയ്യാനുള്ള ധൈര്യം ലഭിക്കുന്നത് മലയാളി പ്രേക്ഷകരില്‍ നിന്നാണെന്ന് അഭിപ്രായം പങ്കുവെച്ച് ദുൽഖർ സൽമാൻ. “നല്ലത് ചെയ്താല്‍ മലയാളികള്‍ അംഗീകരിക്കുമെന്നും, തങ്ങളേക്കാള്‍ ബുദ്ധി അവര്‍ക്കുണ്ടെന്ന് അംഗീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും ദുല്‍ഖര്‍ പറഞ്ഞു. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു താരം.

‘മലയാളി പ്രേക്ഷകരിൽ നിന്നും ലഭിക്കുന്ന പ്രധാന കാര്യം പ്രോത്സാഹനമാണ്. നിങ്ങള്‍ വ്യത്യസ്തമായ എന്തെങ്കിലും, മുമ്പൊരിക്കലും ചെയ്യാത്തൊരു കാര്യം, ആത്മാര്‍ത്ഥവും സത്യസന്ധവുമായ ശ്രമം നടത്തിയാല്‍ അവര്‍ അത് അംഗീകരിക്കും. പ്രേക്ഷകരില്‍ നിന്നുമാണ് അത്തരം റിസ്ക്ക് എടുക്കാനുള്ള ധൈര്യം ഞങ്ങള്‍ക്ക് ലഭിക്കുന്നത്. അതേസമയം മലയാളികള്‍ വളരെ ടഫ് ആയ പ്രേക്ഷകരുമാണ്. ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ അവരില്‍ നിന്നും പഠിച്ചിട്ടുണ്ട്. അവരെ സ്പൂണ്‍ ഫീഡ് ചെയ്യാന്‍ പറ്റില്ല. എല്ലായിപ്പോഴും അവരെ ഗസ് ചെയ്യാന്‍ വിടണം. അവര്‍ക്ക് നമ്മളേക്കാള്‍ ബുദ്ധിയിട്ടുണ്ട്. ആദ്യം അതാണ് മനസിലാക്കേണ്ടത്’.ദുൽഖർ പറഞ്ഞു.

‘എന്താണ് വര്‍ക്കാവുകയെന്നോ, എന്താണ് പ്രേക്ഷകർക്ക് വേണ്ടതെന്നോ നമുക്കറിയില്ല. അങ്ങനെ ചെയ്താല്‍ അവരേക്കാള്‍ ബുദ്ധി നമുക്കുണ്ടെന്ന് ചിന്തിക്കലാകും. അത് സിനിമയെ ബാധിക്കും. വേണ്ടത്ര എഫര്‍ട്ട് ഇടില്ല. പ്രേക്ഷകര്‍ക്ക് നമ്മളേക്കാള്‍ ബുദ്ധിയുണ്ടെന്നും, നമ്മളേക്കാള്‍ അറിവുണ്ടെന്നും എല്ലാ ചെറിയ കാര്യങ്ങളും കണ്ടെത്താനും ഊഹിക്കാനും അവര്‍ക്ക് സാധിക്കുമെന്നുമാണ് എന്റെ വിശ്വാസം. ഇതാണ് ഇപ്പോള്‍ എന്റെ ബൈബിള്‍ വാചകം. കാന്തയില്‍ അങ്ങനെ പകുതി മാത്രം പറയുന്ന പല സീനുകളുണ്ട്. അത് എങ്ങനെയാണ് അവര്‍ തുറന്ന് കണ്ടെത്തുക എന്നറിയാനുള്ള ആകാംഷയുണ്ട്,’ ദുൽഖർ കൂട്ടിച്ചേർത്തു.

കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുൺ ഒരുക്കിയ സിനിമയാണ് ലോക. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ആഗോള ബോക്സ് ഓഫീസിൽ ചിത്രം 250 കോടി പിന്നിട്ടു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പുറത്തിറങ്ങി പത്തൊമ്പതാമത്തെ ദിവസമാണ് ചിത്രം 250 കോടി ക്ലബ്ബിലേക്ക് എത്തുന്നത്. ഈ നേട്ടത്തിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളം സിനിമയാണിത്. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.