“വൈറൽ ആവാൻ വേണ്ടി എന്ത് നെറികേടും കാണിക്കുമോ?, യാതൊരു ഭാവ വ്യത്യാസവുമില്ലാതെ വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാർഥത്തിൽ ഉദ്ദേശിച്ചത്?”; രോഷത്തോടെ ഭാഗ്യലക്ഷ്മി

','

' ); } ?>

സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ അപമാനത്താൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ രൂക്ഷ ഭാഷയിൽ പ്രതികരിച്ച് ഡബ്ബിങ് ആർടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. വ്യക്ത്തമായ ചോദ്യമില്ലാതെ അയാൾക്ക് പറയാനുള്ളത് കേൾക്കാൻ അവസരം നൽകാതെ നിശബ്‌ദമായി ഒരു ജീവൻ നഷ്ടമായെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. കൂടാതെ വിഡിയോ പ്രചരിപ്പിച്ച സ്ത്രീയും സമൂഹ മാധ്യമങ്ങളിലൂടെ തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളാണെന്ന് ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.

“ബസ്സിൽ യാത്ര ചെയ്യുന്ന മിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒരു സങ്കടമാണ് തോണ്ടലും മുട്ടലും. പലരും ഉറക്കെ പ്രതികരിക്കാറുണ്ട്, കയ്യേറ്റം പോലും ചെയ്യാറുണ്ട്. ചിലർ ഭയന്ന് അവിടെനിന്നും മാറി പോകാറുണ്ട്. ഇവിടെയും അയാൾ മോശമായി പെരുമാറിയെന്ന് ഈ പെൺകുട്ടിക്ക് ഉറപ്പുണ്ടെങ്കിൽ ഈ വിഡിയോ എടുക്കാൻ കാണിച്ച ധൈര്യം അയാൾക്കെതിരെ ശക്‌തമായി പ്രതികരിക്കാനും കൂടി കാണിക്കണമായിരുന്നു.ഒരാൾ നമുക്കിഷ്ടമല്ലാത്ത രീതിയിൽ ശരീരത്തിൽ സ്പർശിക്കുമ്പോൾ നമ്മുടെ ഭാവത്തിൽ പെരുമാറ്റത്തിൽ അത് പ്രകടമാകും. പക്ഷേ ഈ വിഡിയോയിൽ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാർഥത്തിൽ ഉദ്ദേശിച്ചത്?.” ഭാഗ്യലക്ഷ്മി പറഞ്ഞു.

“കുറ്റം ചെയ്‌തവർ ശിക്ഷിക്കപ്പെടണം. നിരപരാധിക്ക് നീതി കിട്ടണം. ഇതിൽ ഒന്നുപോലും നഷ്‌ടമായാൽ, അത് നീതിയല്ല, സമൂഹത്തിന്റെ പരാജയമാണ്. ഒരാളുടെ നിരപരാധിത്വം തെളിയിക്കാൻ /വിശ്വസിപ്പിക്കാൻ ആ വ്യക്തിക്ക് സ്വന്തം ജീവൻ നൽകേണ്ടിവരുന്നു. അയാൾ മരിച്ചില്ലായിരുന്നു എങ്കിൽ സോഷ്യൽ മീഡിയയിലെ ജഡ്‌ജിമാർ രണ്ട് വിഭാഗമായേനെ. വിഡിയോ വന്ന ഉടനെ അയാൾക്കെതിരെ നടന്ന വ്യാപകമായ ആക്രമണം താങ്ങാനാവാതെയാണല്ലോ അയാൾ ജീവനൊടുക്കിയത്. അപ്പോൾ ആ പെണ്ണിനും അവരുടെ വിഡിയോ കണ്ട ഉടനെ താഴെ വന്ന് അയാളെ തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളാണ്. വൈറൽ ആവാൻ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചില മനുഷ്യരുടെ കൂട്ടത്തിൽ ചില സമൂഹ മാധ്യമങ്ങളും ഉണ്ട്. വ്യക്തമായ ചോദ്യമില്ലാതെ അയാൾക്ക് പറയാനുള്ളത് കേൾക്കാൻ അവസരം നൽകാതെ നിശബ്‌ദമായി ഒരു ജീവൻ പോയി.”-ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.

ബസ്സിനുള്ളിൽ വച്ച് ദീപക് മനഃപൂർവം തൻ്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്ന് ആരോപിച്ചാണ് യുവതി സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ പങ്കുവച്ചത്. ഞായറാഴ്‌ച രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ദീപകിനെ കണ്ടെത്തുകയായിരുന്നു. വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയതെന്നും ഇതേത്തുടർന്ന് ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. നാട്ടിലും വീട്ടിലും ഇത്തരത്തിലൊന്നും ആരോപണം കേൾക്കാത്ത വ്യക്‌തിയായിരുന്നു ദീപക് എന്നും ഇവർ പറഞ്ഞു.