ശബ്ദ മാന്ത്രികക്ക് വിട..

','

' ); } ?>

പ്രമുഖ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി (62) അന്തരിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി മലയാള ചലച്ചിത്രങ്ങളില്‍ ശബ്ദം നല്‍കിയ ആനന്ദവല്ലി മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം വിവിധ മേഖലകളിലെ പ്രമുഖര്‍ അനുശോചനമറിയിച്ചു.

1973-ല്‍ ദേവി കന്യാകുമാരിയിലൂടെയാണ് ആനന്ദവല്ലി ഡബ്ബിങ് മേഖലയിലേക്ക് കടന്നുവരുന്നത്. എണ്‍പതുകളില്‍ മലയാളത്തിലെ ഒട്ടുമിക്ക നായികമാരും ശബ്ദിച്ചത് ആനന്ദവല്ലിയുടെ ശബ്ദത്തിലായിരുന്നു. ഒരേ സിനിമയില്‍ ഒമ്പത് പേര്‍ക്കുവരെ ആനന്ദവല്ലി ശബ്ദം നല്‍കിയിരുന്നു. മലയാളത്തിലെ നിറ സാന്നിധ്യമായിരുന്ന നടി ഗീതക്കുവേണ്ടി 115 സിനിമകളില്‍ ആന്ദവല്ലി ശബ്ദം നല്‍കിയിട്ടുണ്ട്.

പൂര്‍ണിമ ജയറാം, ഗീത, മാധവി, മേനക, സുഹാസിനി, ശാന്തികൃഷ്ണ, മീരാ ജാസ്മിന്‍ തുടങ്ങിയ നടിമാര്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. മൂവായിരത്തോളം സിനിമകളിലായി പതിനായിരത്തിലേറെ കഥാപാത്രങ്ങള്‍ ആനന്ദവല്ലിയുടെ ശബ്ദത്തില്‍ പ്രേക്ഷകരോടു സംസാരിച്ചു. ഒരു സിനിമയിലെ ഏഴു സ്ത്രീ കഥാപാത്രങ്ങള്‍ക്കു വരെ ആനന്ദവല്ലി ശബ്ദം നല്‍കിയ കാലമുണ്ട്. ഭരതത്തില്‍ ലക്ഷ്മിക്കും ഉര്‍വശിക്കും വേണ്ടി ഡബ്ബ് ചെയ്തു ആനന്ദവല്ലി. സ്ഥലത്തെ പ്രധാന പയ്യന്‍സില്‍ അഞ്ചുപേര്‍ക്കു ഡബ്ബ് ചെയ്തു. സാന്ത്വനം എന്ന സിനിമയില്‍ മൂന്നുപേര്‍ക്ക്. വണ്ടര്‍ ഡാനിയലില്‍ ഒരേ ഫ്രെയിമില്‍ മൂന്നുപേര്‍ക്കു വ്യത്യസ്ത ശബ്ദം നല്‍കി. 1992ല്‍ ‘ആധാരം’ എന്ന സിനിമയ്ക്ക് ഗീതയ്ക്കു നല്‍കിയ ശബ്ദത്തിനാണ് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. അന്തരിച്ച സംവിധായകന്‍ ദീപന്‍ മകനാണ്.