
ദൃശ്യം 3യുടെ ഹിന്ദി പതിപ്പ് സംബന്ധിച്ച് പുതിയ അപ്ഡേറ്റുകൾ പുറത്ത് വിട്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ദൃശ്യം 3 നിർമിക്കുന്നതിനായി പനോരമ, ഡിജിറ്റൽ 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡുമായി നിർമാണ കരാറിൽ ഒപ്പുവയ്ക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഔദ്യോഗിക കത്താണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അജയ് ദേവ്ഗണിന്റെ ആരാധകരാണ് കത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. കത്തിൽ പറയുന്നതനുസരിച്ച് അജയ് ദേവ്ഗൺ തന്നെയായിരിക്കും ദൃശ്യം 3യിലും നായകനായി എത്തുക. ദൃശ്യം2 സംവിധാനം ചെയ്ത അഭിഷേക് പഥക് ദൃശ്യം 3യുടെ സംവിധായകനാകും.
അതേസമയം തന്റെ ഏറ്റവും പുതിയ ചിത്രമായ ‘വലതുവശത്തെ കള്ളന്റെ’ തിരക്കിലാണ് ജീത്തു ജോസഫ്. മലയാളത്തിലെ ദൃശ്യം 3 എന്ന് ആരംഭിക്കുമെന്ന് ഒരു സൂചനയുമില്ല. എന്നാൽ ദൃശ്യം 3 ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ഈ വർഷം ഓഗസ്റ്റിൽ ആരംഭിക്കുമെന്ന് നേരത്തെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അജയ് ദേവ്ഗൺ ഇപ്പോൾ ‘ദേ ദേ പ്യാർ ദേ 2’, ‘ധമാൽ 4’, ‘റേഞ്ചർ’ എന്നീ സിനിമകളുടെ തിരക്കിലാണ്. ഈ സിനിമകൾ പൂർത്തിയായതിന് ശേഷമായിരിക്കും ദൃശ്യം 3 ആരംഭിക്കുക എന്നായിരുന്നു റിപ്പോർട്ട്.
മലയാളികളെ ത്രില്ലർ സിനിമയുടെ പുതിയ അനുഭവതലത്തിലേക്ക് കൊണ്ടുപോയ ദൃശ്യം സിനിമയുടെ മൂന്നാം ഭാഗം എന്ന് ആരംഭിക്കുമെന്ന കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നിരുന്നെങ്കിലും കൂടുതൽ അപ്ഡേറ്റുകൾ ഒന്നും വന്നിരുന്നില്ല.