മലയാളത്തിന് മുന്നേ റിലീസ് തിയതി പ്രഖ്യാപിച്ച് ‘ദൃശ്യം 3’ ഹിന്ദി; ടീസർ പുറത്തിറക്കി അജയ് ദേവ്ഗൺ

','

' ); } ?>

മലയാളം പതിപ്പിന് മുന്നേ ‘ദൃശ്യം 3’ ഹിന്ദിയുടെ റിലീസ് തിയതി പ്രഖ്യാപിച്ച് നടൻ അജയ് ദേവ്ഗൺ. ഒക്ടോബർ രണ്ടിന് ചിത്രം തിയറ്ററുകളിലെത്തും.
‘അവസാന ഭാഗം ബാക്കിയുണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ റിലീസ് തിയതി വെളിപ്പെടുത്തുന്ന ടീസർ താരം പങ്കുവച്ചത്. അതേസമയം ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ റിലീസ് തിയതി നിലവിൽ പ്രഖ്യാപിച്ചിട്ടില്ല.

‘ദൃശ്യ’ത്തിന്റെ ആദ്യരണ്ടുഭാഗങ്ങൾ ഹിന്ദിയിൽ റീമേക്ക് ചെയ്‌തിറക്കിയ നിർമാണക്കമ്പനിയായ പനോരമ സ്റ്റുഡിയോസ് തന്നെയാണ് മൂന്നാം ഭാഗവും നിർമ്മിക്കുന്നത്. മോഹൻലാൽ നായകനായെത്തിയ മലയാളം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചത്. ‘ദൃശ്യം 3’യുടെ സിനിമയുടെ ലോകമെമ്പാടുമുള്ള തിയറ്റർ, ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസും പെൻ സ്‌റ്റുഡിയോസും സംയുക്‌തമായി സ്വന്തമാക്കിയിരുന്നു. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബിസിനസ്സ് ഡീൽ കൂടിയാണിത്. എന്നിരുന്നാൽ തന്നെയും നിർമാതാവായ ആൻ്റണി പെരുമ്പാവൂരിനും ആശീർവാദിനും സിനിമയുടെ പ്രോഫിറ്റ് ഷെയർ അവകാശം ഇപ്പോഴുമുണ്ട്.

അഭിഷേക് പഥക് ആണ് ഹിന്ദി പതിപ്പിന്റെ സംവിധാനം. അലോക് ജെയ്നും അജിത് അന്ദാരയും ചേർന്നാണ് നിർമാണം. തബു, ശ്രീയ ശരൺ, രജത് കപൂർ, ഇഷിത ദത്ത എന്നിവരാണ് മറ്റ് അഭിനേതാക്കൾ. പനോരമ സ്റ്റു‌ഡിയോസ് ആണ് നിർമാണം.

സിനിമയുടെ മലയാളം പതിപ്പാകും ആദ്യം തിയറ്ററുകളിലെത്തുകയെന്നും രണ്ട് മാസങ്ങൾക്കുശേഷം മാത്രമാകും ഹിന്ദി പതിപ്പ് റിലീസ് ചെയ്യുകയെന്നും സംവിധായകൻ ജീത്തു ജോസഫ് നേരത്തെ വ്യക്‌തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കിൽ ഫെബ്രുവരിയിലോ മാർച്ചിലോ ചിത്രം തിയറ്ററുകളിലെത്തും. മോഹൻലാൽ, മീന, അൻസിബ ഹസ്സൻ, എസ്‌തർ അനിൽ, സിദ്ദിഖ്, ആശ ശരത് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ആശീർവാസ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് നിർമാണം.