നാടക മഹാമേള കൂത്തുപറമ്പില്‍

നാനൂറോളം കലാകാരര്‍ അണിനിരക്കുന്ന 39 വ്യത്യസ്ത നാടകങ്ങളുമായി ഡ്രീമ തിയറ്റര്‍ കാര്‍ണിവല്‍ കൂത്തുപറമ്പില്‍ നടക്കും. 2022 സെപ്റ്റംബര്‍ 4 മുതല്‍ 9 വരെ തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ ഏഴ് വേദികളിലായാണ് മേള നടക്കുന്നത്. പ്രമേയത്തിലും അവതരണത്തിലും പുതുമയും കൗതുകങ്ങളും നിറഞ്ഞ വ്യത്യസ്ത നാടകരീതികള്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുക, കോവിഡിന് ശേഷം അരങ്ങ് നഷ്ട്ടപ്പെട്ട കലാകാരര്‍ക്ക് വേദികളൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്.

കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുമെന്ന് കണക്കാക്കപ്പെടുന്ന നാടകോത്സവം സംഘടിപ്പിക്കുന്നത് തീയേറ്റര്‍ കിച്ചണ്‍ തലശ്ശേരിയാണ്. ഓരോ ദിവസവും നാടക ചലച്ചിത്ര സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ അഥിതികളായെത്തും. വൈകുന്നേരം നാലു മുതല്‍ രാത്രി 11 വരെയാണ് പ്രദര്‍ശനങ്ങള്‍. ഒരു നാടകം കഴിഞ്ഞ് ഒരു ഇടവേളക്ക് ശേഷം അടുത്ത നാടകം ആരംഭിക്കുന്ന വിധത്തിലാണ് സമയക്രമീകരണം. ആളുകള്‍ക്ക് ഇഷ്ടാനുസരണം നാടകങ്ങള്‍ തെരഞ്ഞെടുത്തു കാണാനുള്ള അവസരം ഒരുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. കാര്‍ണിവലിലേക്കുള്ള പ്രവേശനം പാസ് മുഖേനെ നിയന്ത്രിക്കും. പ്രവേശന പാസുകള്‍ സെപ്റ്റംബര്‍ മൂന്നിനും നാലിനും രാവിലെ 9 മണി മുതല്‍ കൂത്തുപറമ്പ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ക്രമീകരിക്കുന്ന കൗണ്ടറുകളില്‍ നിന്നും ലഭ്യമാകും. നിലവില്‍ ഓണ്‍ലൈന്‍ ആയും പാസുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.

ഒരു തിയറ്റര്‍ മ്യൂസിയം പോലെ സഞ്ചരിച്ച് ഒരു സമയം 15 പേര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ‘മരണാനുകരണം’, ഒരു അംബാസിഡര്‍ കാറിനുള്ളിലിരുന്ന് നാല് പേര്‍ക്ക് കാണാന്‍ കഴിയുന്ന ‘ഭ്രാന്ത്: എ മീഡിയേറ്റഡ് പെര്‍ഫോമന്‍സ്’, ഒരു സമയം 100 പേര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന അഭിനേതാക്കളുടെ ശരീര ചലനങ്ങളിലൂടെ വേറിട്ട ആസ്വാദനം പകരുന്ന ഫ്ളോട്ടിംഗ് ബോഡീസ് എന്നീ നാടകങ്ങള്‍ പ്രേക്ഷകര്‍ക്ക് വ്യത്യസ്ത അനുഭവം പ്രദാനം ചെയ്യും. പരീക്ഷണ നാടകങ്ങളുടെ കാറ്റഗറിയില്‍പ്പെടുത്തിയ ഈ നാടകങ്ങളുടെ പ്രത്യേക പാസ് മുന്‍കൂട്ടി വാങ്ങി സമയക്രമം കൈപ്പറ്റേണ്ടതാണ്. ദിവസേന ഭ്രാന്ത് നാടകത്തിന്റെ 10 ഷോകളും മരണാനുകരണത്തിന്റെ മൂന്ന് ഷോകളും ഫ്ളോട്ടിംഗ് ബോഡീസിന്റെ രണ്ട് ഷോകളും (സെപതംബര്‍ 9ന് മാത്രം) ഉണ്ടായിരിക്കുമെന്ന് തിയറ്റര്‍ കിച്ചണ്‍ ഭാരവാഹികള്‍ അറിയിച്ചു.

ആദ്യ ദിവസം കോഴിക്കോട് ബാക്ക് സ്റ്റേജ് അവതരിപ്പിക്കുന്ന ദേശീയ പുരസ്‌കാരജേതാവ് സുവീരന്‍ സംവിധാനം നിര്‍വഹിച്ച പ്രശസ്ത നാടകം ഭാസ്‌ക്കരപ്പട്ടേലരും തൊമ്മിയുടെ ജീവിതവും, തൃശ്ശൂര്‍ റിമമ്പറന്‍സ് തിയറ്റര്‍ ഗ്രൂപ്പിന്റെ ശശിധരന്‍ നടുവില്‍ സംവിധാനം ചെയ്ത ഹിഗ്വിറ്റ, നാടക ചലച്ചിത്ര താരങ്ങളായ അമല്‍രാജും രാജേഷ് ശര്‍മയും അരങ്ങിലെത്തുന്ന ശുദ്ധമദ്ദളം, കോഴിക്കോട് എടക്കാട് നാടകക്കൂട്ടായ്മയുടെ അവാര്‍ഡ്, പാലക്കാട് മനോരഞ്ജിതം ബ്രദേഴ്സ് അവതരിപ്പിക്കുന്ന പൊറാട്ട് നാടകം എന്നിവ അരങ്ങേറും.രണ്ടാം ദിവസം സെപ്റ്റംബര്‍ അഞ്ചിന് വൈകുന്നേരം നാലുമണിക്ക് കൂറ്റനാട് കലവറ നാടകസംഘം അവതരിപ്പിക്കുന്ന കാറ്റ് പറഞ്ഞ വഴി എന്ന കുട്ടികളുടെ നാടകം തുടര്‍ന്ന് സൂര്യ കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്ത് വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം, ലിറ്റില്‍ എര്‍ത്ത് സ്‌കൂള്‍ ഓഫ് തിയറ്ററിന്റെ ബോളീവിയന്‍ സ്റ്റാര്‍സ്, തിരുവനന്തപുരം കനല്‍ സാംസ്‌കാരികവേദി അവതരിപ്പിക്കുന്ന സോവിയറ്റ് സ്റ്റേഷന്‍ കടവ്, സെബീന റാഫി ഫോക്ലോര്‍ സെന്റര്‍ എറണാകുളം അവതരിപ്പിക്കുന്ന ചവിട്ടുനാടകം എന്നിവ അരങ്ങേറും.

മൂന്നാം ദിവസം സെപ്റ്റംബര്‍ ആറിന് തൃശൂര്‍ പഞ്ചമി തിയറ്ററിന്റെ എലിക്കെണി, പോസിറ്റീവ് ഫ്രെയിംസ് കൊല്ലം അവതരിപ്പിക്കുന്ന തോമാകറിയാ കറിയാതോമ, ലിറ്റില്‍ എര്‍ത്ത് സ്‌കൂള്‍ ഓഫ് തിയറ്ററിന്റെ ദ വില്ലന്മാര്‍, സജിത മഠത്തില്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഷൈലജ പി അംബു അരങ്ങിലെത്തുന്ന മത്സ്യഗന്ധി, തിരുവനന്തപുരം സൗപര്‍ണ്ണികയുടെ ഇതിഹാസം എന്നീ നാടകങ്ങള്‍ വേദിയിലെത്തും.നാലാം ദിവസം സെപ്റ്റംബര്‍ 7ന് അത്ലെറ്റ്് കായിക വേദി പാലക്കാടിന്റെ ലിബ്ബ്, സാസ് തൃപ്പൂണിത്തുറയുടെ ഹാര്‍മോണിയം, തൃശ്ശൂര്‍ റിമമ്പറന്‍സ് തിയറ്റര്‍ ഗ്രൂപ്പിന്റെ കിഴവനും കടലും, ബ്ലാക്ക് കര്‍ട്ടന്‍ മലപ്പുറം അവതരിപ്പിക്കുന്ന സുപ്രഭാതം, ജനകീയ കലാസമിതി ചെറുകുന്ന് അവതരിപ്പിക്കുന്ന പൊക്കന്‍ എന്നീ നാടകങ്ങള്‍ നടക്കും.

അഞ്ചാം ദിവസം സെപ്റ്റംബര്‍ എട്ടിന് പ്രബലന്‍ വേലൂര്‍ സംവിധാനം നിര്‍വഹിച്ച തൃശൂര്‍ നാടക സംഘത്തിന്റെ കാരണവരുടെ അധികാരം, ആലപ്പുഴ തെസ്പിയന്‍ തിയറ്ററിന്റെ ജോസഫിന്റെ റേഡിയോ, അപ്പുണ്ണി ശശി അരങ്ങിലെത്തുന്ന ചക്കരപ്പന്തല്‍, സന്തോഷ് കീഴാറ്റൂരിന്റെ പെണ്‍നടന്‍, കൊല്ലം നാടകവേദിയുടെ കാക്കാരിശിനാടകം, മനോജ് നാരായണന്‍ സംവിധാനം ചെയ്ത് മുഹമ്മദ് പേരാമ്പ്ര യും സംഘവും അഭിനയിക്കുന്ന കോഴിക്കോട് നാടകസഭയുടെ സാമൂഹ്യ നാടകം പച്ചമാങ്ങ എന്നിവയും അരങ്ങേറും.അവസാനദിവസം ദിലീപ് ചിലങ്കയുടെ ഉടല്‍, കാഞ്ഞങ്ങാട് തിയറ്റര്‍ ഗ്രൂപ്പിന്റെ പുലികേശി-2, വിജേഷ് കോഴിക്കോടും സംഘവും അവതരിപ്പിക്കുന്ന നാടകപ്പാട്ട്, ആലപ്പുഴ നെയ്തല്‍ നാടക സംഘത്തിന്റെ കക്കുകളി, ഇടം കൊല്ലം അവതരിപ്പിക്കുന്ന ആര്‍ട്ടിക് എന്നിവയോടെ ഡ്രീമ തിയറ്റര്‍ കാര്‍ണിവലിന് തിരശീല വീഴും.