നാടകീയം…ഇത് ജീവിതം..ഡ്രാമ റിവ്യൂ

ലോഹം എന്ന സിനിമയ്ക്ക് ശേഷം രഞ്ജിത്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ഡ്രാമ അരങ്ങിലെത്തിയിരിക്കുന്നു. എന്‍.കെ നാസറും മഹാ സുബൈറും ചേര്‍ന്ന് നിര്‍മ്മിച്ച ഡ്രാമയുടെ വിശേഷങ്ങളുമായി സെല്ലുലോയ്ഡ് മൂവി റിവ്യൂ.

ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച രഞ്ജിത്- മോഹന്‍ലാല്‍ സിനിമകളുടെ ഹാംഗ് ഓവറുമായി തിയേറ്ററിലെത്തുന്നവരെ നിരാശപ്പെടുത്തുന്ന ചിത്രമായിരിക്കും ഡ്രാമ. അതല്ല നല്ല സിനിമകളുടെ ആസ്വാദകരാണ് നിങ്ങളെങ്കില്‍ നിങ്ങളെ പിടിച്ചിരുത്തുന്ന ഒരു മികച്ച രഞ്ജിത് ചിത്രം തന്നെയാണ് ഡ്രാമ. ചിത്രം നാടകം പോലെ തന്നെ വളരെ പതിഞ്ഞ താളത്തിലാണ് തുടങ്ങുന്നത്. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ആദ്യ പകുതി കഥാപരിസരം തന്നെയാണ്. ഓസ്‌ട്രേലിയ, അമേരിക്ക, കാനഡ തുടങ്ങീ വിവിധ സ്ഥലങ്ങളിലുള്ള മക്കള്‍ അമ്മയുടെ ശവസംസ്‌കാരത്തിനായി ഒത്തു ചേരുന്ന ലണ്ടന്‍ എന്ന കഥാപരിസരം തന്നെയാണ് പുതുമയുള്ള കാഴ്ച്ചയാകുന്നത്.

പലതരത്തിലുള്ള കഥാപാത്രങ്ങളേയും ഒരുപോലെ പരിചയപ്പെടുത്തിയ സംവിധായകന്‍ നഗര തിരക്കിലമരുന്ന ജീവിതവും, പണത്തിന് പിറകേയുള്ള ഓട്ടത്തിനിടയില്‍ ബന്ധങ്ങളുടെ ഇഴയടുപ്പം നഷ്ടമാകുന്നതുമെല്ലാം വളരെ ലളിതമായി അവതരിപ്പിച്ചിട്ടുണ്ട്. വളരെ ഗൗരവമേറിയ വിഷയത്തെ കൂട്ടിയിണക്കാനുള്ള സംവിധായകന്റെ തുറുപ്പ് ചീട്ട് മോഹന്‍ലാല്‍ തന്നെയാണ്. റിയലിസ്റ്റിക് സിനിമയില്‍ ഫാന്റസിയുടെ സാധ്യതകളെ എങ്ങിനെ മനോഹരമായുപയോഗപ്പെടുത്താനാകും എന്നത് പ്രാഞ്ചിയേട്ടനിലൂടെ കാണിച്ചു തന്ന സംവിധായകന്‍ അതേ വഴി തന്നെയാണ് രണ്ടാംപകുതിയില്‍ തെരഞ്ഞെടുത്തത്. രംഗത്തിലൊരിടത്തും ഈ ഫാന്റസി കല്ലുകടിയാകാതെ കാത്തുസൂക്ഷിക്കാനായത് രഞ്ജിത് എന്ന തിരക്കഥാകൃത്തിന്റെ മികവിന്റെ ഒന്നാന്തരം ഉദാഹരണമാണ്.

ഒരേ അരങ്ങിനെ പലവിധത്തിലുപയോഗിക്കുന്ന നാടകത്തിന്റെ അതേ സങ്കേതമാണ് ഡ്രാമയിലുപയോഗിച്ചത്. ഒരു മൃതദേഹത്തിനു ചുറ്റും വിവിധതരത്തിലുള്ള സ്വഭാവമുള്ള കഥാപാത്രങ്ങളെ അരങ്ങിലെന്ന പോലെ വിന്യസിച്ച് പ്രേക്ഷകനെ കൂടെ കൂട്ടുകയാണ് സംവിധായകന്‍. അരുന്ധതി നാഗ് എന്ന തിയേറ്റര്‍ ആര്‍ടിസ്റ്റിന്റെ പ്രകടനത്തിനൊപ്പം തന്നെ ഡ്രാമയെ കുറിച്ച് ഡയറക്‌റ്റേഴ്‌സ് മൂവി എന്ന് പറയാം. ജോണി ആന്റണി, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍, രഞ്ജി പണിക്കര്‍ എന്നിവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. കനിഹ, ആശാ ശരത്, സുരേഷ്‌കൃഷ്ണ, ടിനി ടോം, ബൈജു, തുടങ്ങീ താരങ്ങളുടെ തെരഞ്ഞെടുപ്പിലൂടെ തനിയ്ക്ക് കാസ്റ്റിംഗ്‌
പിഴയ്ക്കാറില്ലെന്ന് സംവിധായകന്‍ തെളിയിക്കുകയാണ്.

കഥാപരിസരത്തേയ്ക്ക് പ്രേക്ഷകനെത്തുന്നതിനിടയിലുള്ള വിടവ് നികത്തിയത് ബിജിപാലിന്റെ പശ്ചാത്തല സംഗീതമാണ്. വലിയ ട്വിസ്റ്റുകളോ, സംഭവ വികാസങ്ങളോ ഇല്ലാത്ത കഥയ്ക്കും സംവിധാനത്തിനുമൊപ്പം ചേര്‍ന്ന് സഞ്ചരിക്കുകയായിരുന്നു അഴകപ്പന്റെ ക്യാമറ. സവര്‍ണ്ണ, മാടമ്പി കഥാപാത്രങ്ങള്‍ മോഹന്‍ലാലില്‍ കെട്ടിവെച്ചെന്ന വിമര്‍ശനത്തിനുള്ള പ്രായശ്ചിത്തമെന്ന പോലെ നിങ്ങള്‍ക്ക് ഈ രഞ്ജിത് ചിത്രം അനുഭവപ്പെടും. ധൈര്യത്തോടെ നല്ല സിനിമയ്ക്ക് ടിക്കറ്റെടുക്കാം.