സ്വതന്ത്ര , കലാമൂല്യ സിനിമകള്‍ക്ക് യാതൊരു വിധത്തിലുള്ള പ്രോത്സാഹനവും ലഭിക്കാത്ത ഒരു സംസ്ഥാനം ആണ് കേരളമെന്ന് സംവിധായകന്‍ ഡോ.ബിജു.
ഒരു കാലത്തും കലാമൂല്യ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള എന്തെങ്കിലും ക്രിയാത്മക ഇടപെടലുകള്‍ ഒരു സര്‍ക്കാരും കേരളത്തില്‍ നടത്തിയിട്ടില്ല . സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്ന വേളയില്‍ ഒരു സ്തുതി ഗീതം പോലെ അല്ലെങ്കില്‍ അന്താരാഷ്ട്ര മേളകളില്‍ തിരഞ്ഞെടുക്കപ്പെടുമ്പോഴും പുരസ്കാരം ലഭിക്കുമ്പോഴും ഒരു വരി അഭിനന്ദനം, കുറച്ചു വാര്‍ത്താ പ്രാധാന്യം . ഇതിനപ്പുറം കലാമൂല്യ സിനിമകള്‍ നിര്‍മിക്കുവാനും പ്രദര്‍ശിപ്പിക്കുവാനും സഹായകമായ രീതിയില്‍ യാതൊരു വിധ സര്‍ക്കാര്‍ ഇടപെടലുകളും ഇവിടെ കാലങ്ങളായി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
അദ്ദേഹത്തിന്റെ ഫോസ്ബുക്ക് കുറിപ്പ് വായിക്കാം,
ഈ സർക്കാരിന്റെ കാലാവധി കഴിയുന്നതിന് മുൻപ് സാംസ്കാരിക വകുപ്പിനോടുള്ള ഒരു അപേക്ഷ ആണ് .. ഇച്ഛാശക്തി ഉണ്ടെങ്കിൽ നടപ്പാക്കാവുന്ന കാര്യങ്ങളെ ഉള്ളൂ ..
സ്വതന്ത്ര , കലാമൂല്യ സിനിമകൾക്ക് യാതൊരു വിധത്തിലുള്ള പ്രോത്സാഹനവും ലഭിക്കാത്ത ഒരു സംസ്ഥാനം ആണ് കേരളം. ഒരു കാലത്തും കലാമൂല്യ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള എന്തെങ്കിലും ക്രിയാത്മക ഇടപെടലുകൾ ഒരു സർക്കാരും ഇവിടെ നടത്തിയിട്ടില്ല . സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്ന വേളയിൽ ഒരു സ്തുതി ഗീതം . അന്താരാഷ്‌ട്ര മേളകളിൽ തിരഞ്ഞെടുക്കപ്പെടുമ്പോഴും പുരസ്കാരം ലഭിക്കുമ്പോഴും ഒരു വരി അഭിനന്ദനം, കുറച്ചു വാർത്താ പ്രാധാന്യം . ഇതിനപ്പുറം കലാമൂല്യ സിനിമകൾ നിർമിക്കുവാനും പ്രദർശിപ്പിക്കുവാനും സഹായകമായ രീതിയിൽ യാതൊരു വിധ സർക്കാർ ഇടപെടലുകളും ഇവിടെ കാലങ്ങളായി ഉണ്ടായിട്ടില്ല എന്നത് ഒരു യാഥാർഥ്യമാണ് . മറ്റു നിരവധി സംസ്ഥാനങ്ങൾ അവരുടെ ഭാഷയിലെ കലാമൂല്യ സ്വതന്ത്ര സിനിമകളെ നിലനിർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുമ്പോൾ കേരളത്തിൽ അത്തരത്തിൽ യാതൊരു പ്രവർത്തനങ്ങളും ഉണ്ടായിട്ടില്ല എന്നത് ഏറെ ദുഖകരം ആണ് . ഇവിടെ നിർമാതാക്കളും സംവിധായകരും അവരുടെ ഇച്ഛാശക്തി കൊണ്ട് എല്ലാ തടസ്സങ്ങളും മറികടന്ന് കലാമൂല്യ സിനിമകൾ ഉണ്ടാക്കി അവ ഇന്ത്യയ്ക്കകത്തോ വിദേശത്തോ മികച്ച നേട്ടങ്ങൾ ഉണ്ടാക്കുമ്പോൾ മാത്രം അഭിനന്ദനവുമായി എത്തുകയും അതിനു മുൻപും പിൻപും അത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനോ നിലനിർത്തുന്നതിനോ യാതൊരു സഹായവും ചെയ്യാതിരിക്കുകയും ചെയ്യുക എന്നതാണ് കേരളത്തിന്റെ രീതി . ഈ രീതി മാറേണ്ടതില്ലേ …
കേരളാ സർക്കാർ നിലവിൽ സിനിമയ്ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ താഴെ പറയുന്നവ ആണ്
1 . വർഷാ വർഷം ഒരു സ്റ്റേറ്റ് അവാർഡ് നൽകുക . അത് നൽകുന്നത് വലിയ താര മാമാങ്കം ആക്കി സൂപ്പർ താരങ്ങളെ ഒക്കെ വരുത്തി ആഘോഷ ചടങ്ങാക്കുക എന്നതാണ് സർക്കാരിന്റെ ഒരു പ്രധാന കാര്യപരിപാടി . പക്ഷെ ഈ പുരസ്കാരം കിട്ടിയ പല സിനിമകൾക്കും കേരളത്തിൽ ഒരു തിയറ്ററിലെങ്കിലും സിനിമ റിലീസ് ചെയ്യുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല . അതിനൊരു സംവിധാനം ഏർപ്പെടുത്താൻ ഇതേ വരെ ശ്രമിച്ചിട്ടുമില്ല . കഴിഞ്ഞ എത്രയോ വർഷങ്ങളിൽ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം കിട്ടിയ സിനിമകൾ ഒരു തിയറ്ററിൽ പോലും റിലീസ് ചെയ്യാൻ സാധിച്ചിട്ടില്ല , പൊതു ജനങ്ങൾക്ക് കാണാൻ ലഭ്യമായിട്ടില്ല എന്നത് തന്നെ കലാമൂല്യ സിനിമകൾക്ക് അനുകൂലമായ ഒരു സാംസ്കാരിക സാഹചര്യം കേരളത്തിൽ ഇല്ല എന്നതിന്റെ തെളിവാണ് . ഒരു കോടിയിലധികം രൂപ മുടക്കി സ്റ്റേറ്റ് അവാർഡ് വിതരണത്തിന്റെ ഭാഗമായി താര മാമാങ്കവും , മിമിക്രിയും ഒക്കെ നടത്തുന്ന രീതി ഒഴിവാക്കി ദേശീയ പുരസ്കാരം നൽകുന്നത് പോലെ തികച്ചും ഔദ്യോഗികമായ ഒരു ചടങ്ങിൽ അവാർഡുകൾ നൽകുകയും സ്റ്റേജ് ഷോയ്ക്ക് ചിലവഴിക്കുന്ന തുക ഉപയോഗിച്ച് പുരസ്കാരം കിട്ടിയ സിനിമകൾ കുറച്ചു തിയറ്ററുകളിൽ എങ്കിലും റിലീസ് ചെയ്യാനുള്ള സംവിധാനം ഒരുക്കുകയും അല്ലേ വേണ്ടത് . സർക്കാർ അത്തരത്തിൽ ക്രിയാത്മകമായി മാറി ചിന്തിക്കേണ്ടതല്ലേ ..താര ഷോ നടത്തി അവാർഡ് നൽകാൻ ഈ നാട്ടിൽ ഇഷ്ടം പോലെ ടെലിവിഷൻ അവാർഡുകൾ ഉണ്ടല്ലോ . സർക്കാർ ആ മാതൃക അല്ലല്ലോ പിന്തുടരേണ്ടത് ..
2 . സർക്കാർ നടത്തുന്ന മറ്റൊരു പ്രധാന പ്രവർത്തനം എല്ലാ വർഷവും നടത്തുന്ന കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേള ആണ് . കലാമൂല്യ സിനിമകൾക്കും , പരീക്ഷണ സിനിമകൾക്കും , രാഷ്ട്രീയ സിനിമകൾക്കും കൂടുതലായി ഇടം കൊടുക്കേണ്ട ഐ എഫ് എഫ് കെ കഴിഞ്ഞ ഏതാനം വർഷങ്ങളായി അത്തരം സിനിമകളെ പുറന്തള്ളുകയും പകരം കൂടുതൽ മുഖ്യധാരാ,ജനപ്രിയ സിനിമകൾക്ക് ഇടം നൽകുകയും ചെയ്യുന്ന രീതിയാണ് അനുവർത്തിച്ചു പോരുന്നത് . ചലച്ചിത്രമേളയുടെ കാഴ്ചപ്പാടിനെ തന്നെ അട്ടിമറിക്കുന്ന രീതിയാണ് ഇത് . ഇത് മാറേണ്ടതുണ്ട് . ലോകത്തെ പ്രശസ്തമായ മേളകളിലെ പോലെ ഐ എഫ് എഫ് കെ യിലും മലയാള , ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കേണ്ടത് കേരളാ പ്രീമിയർ ആയി വേണം എന്ന ഫിലിം മേക്കേഴ്‌സിന്റെ ആവശ്യം അക്കാദമി ഇതേവരെ നടപ്പാക്കിയിട്ടില്ല . ഫിലിം മാർക്കറ്റ് ആരംഭിക്കണം എന്നതിനോടും അക്കാദമി നിഷേധ സമീപനം ആണ് പുലർത്തുന്നത് . ഞാൻ കൂടി ഉൾപ്പെട്ട ഐ എഫ് എഫ് കെ റൂൾസ് ആൻഡ് റെഗുലേഷൻ കമ്മിറ്റി നൽകിയ നിയമാവലി പരിഷ്കരണ നിർദേശങ്ങളിൽ ഈ നിർദ്ദേശം മാത്രം രണ്ടു വർഷമായി അക്കാദമി നടപ്പാക്കാതെ അട്ടിമറിച്ചിരിക്കുക ആണ് .
3 . സർക്കാർ നടപ്പാക്കുന്ന മറ്റൊരു കാര്യം ചിത്രാഞ്ജലി പാക്കേജിൽ ചെയ്യുന്ന സിനിമകൾക്ക് 5 ലക്ഷം രൂപ സബ്‌സിഡി നൽകുന്നു എന്നതാണ് . നിലവിൽ ചിത്രാഞ്ജലി സൗകര്യങ്ങൾ ഉപയോഗിക്കുന്ന എല്ലാ സിനിമകൾക്കും ഈ സബ്‌സിഡി തുക കിട്ടും . കലാമൂല്യം ഉണ്ടോ ഇല്ലയോ എന്നതല്ല മാനദണ്ഡം . അശ്‌ളീല സിനിമ ആണെങ്കിലും അന്യ ഭാഷാ സിനിമ ആണെങ്കിലും ചിത്രാഞ്ജലി സൗകര്യം ഉപയോഗിച്ചാൽ എല്ലാത്തരം സിനിമകൾക്കും 5 ലക്ഷം രൂപ സബ്‌സിഡി കിട്ടും . ഈ രീതി മാറേണ്ടതുണ്ട് . മറ്റു സംസ്ഥാനങ്ങളുടെ മാതൃകയിൽ കലാമൂല്യ സിനിമകൾക്ക് കൂടുതൽ സബ്‌സിഡി നൽകേണ്ടതുണ്ട് . ഇതിനായി സർക്കാർ നിയോഗിച്ച ഒരു കമ്മിറ്റി നൽകിയ റിപ്പോർട്ട് രണ്ടു വർഷമായി നടപ്പാക്കാതെ വെച്ചിരിക്കുക ആണ് …
മേൽ സൂചിപ്പിച്ച കാര്യങ്ങളുടെ വെളിച്ചത്തിൽ സാംസ്കാരിക വകുപ്പും , ചലച്ചിത്ര അക്കാദമിയും , കെ എസ് എഫ് ഡി സി യും ഈ അവസാന ലാപ്പിൽ എങ്കിലും താഴെ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കണം …
1 . ഒട്ടേറെ കമ്മിറ്റി റിപ്പോർട്ടുകൾ സർക്കാരിന്റെ പക്കൽ യാതൊരു നടപടികളും സ്വീകരിക്കാതെ ഇരിപ്പുണ്ട് അവയിൽ ഉടൻ നടപടികൾ സ്വീകരിക്കുക
അടൂർ കമ്മിറ്റി റിപ്പോർട്ട് – സമർപ്പിച്ചിട്ട് നിരവധി വർഷങ്ങൾ ആയെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല
ഫിലിം സബ്‌സിഡി കമ്മിറ്റി റിപ്പോർട്ട് – ലെനിൻ രാജേന്ദ്രൻ, ഷാജി എൻ കരുൺ , ബി . അജിത് കുമാർ , കെ എസ് എഫ് ഡി സി എം ഡി എന്നിവരോടൊപ്പം ഞാൻ കൂടി അംഗമായ സബ്‌സിഡി കമ്മിറ്റി 2018 ൽ നൽകിയ റിപ്പോർട്ടിന്മേൽ യാതൊരു നടപടികളും ഉണ്ടായിട്ടില്ല . ചിത്രാഞ്ജലി പാക്കേജിൽ ചെയ്യുന്ന സിനിമകളുടെ നിലവാരവും കലാമൂല്യവും വിലയിരുത്തിയ ശേഷം അർഹമായ സിനിമകൾക്ക് മാത്രം സബ്‌സിഡി നൽകുക . സബ്‌സിഡി തുക 15 ലക്ഷം ആയി വർധിപ്പിക്കുക . ഒപ്പം പ്രധാനപ്പെട്ട അന്തർദേശീയ ചലച്ചിത്ര മേളകൾ, ദേശീയ സംസ്ഥാന പുരസ്കാരങ്ങളിലെ പ്രധാന അവാർഡുകൾ , ഇന്ത്യൻ പനോരമ എൻട്രി തുടങ്ങിയ നേട്ടങ്ങൾ ലഭിക്കുന്ന മലയാള സിനിമകൾക്ക് ചിത്രാഞ്ജലി പാക്കേജ് ഉപയോഗിച്ചു നിർമ്മിക്കപ്പെട്ടത് ആണെങ്കിലും അല്ലെങ്കിലും ബഹുമതികളുടെ പ്രാധാന്യം അനുസരിച്ചു എ ,ബി കാറ്റഗറികളിലായി തരം തിരിച്ചു യഥാക്രമം 5 ലക്ഷം 3 ലക്ഷം രൂപ വീതം സബ്‌സിഡി നൽകുക തുടങ്ങിയ നിർദേശങ്ങൾ ആയിരുന്നു ഈ കമ്മിറ്റി റിപ്പോർട്ടിൽ ഉണ്ടായിരുന്നത് ..രണ്ടു വര്‍ഷം കഴിയുമ്പോഴും ഈ റിപ്പോർട്ടിന്മേൽ യാതൊരു പുരോഗതിയും ഇല്ല .
ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് – റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒരു കൊല്ലം കഴിഞ്ഞു. ഇതേവരെ യാതൊരു നടപടികളും ഇല്ല …
ഐ എഫ് എഫ് കെ റൂൾസ് ആൻഡ് റെഗുലേഷൻ കമ്മിറ്റി – ഈ കമ്മിറ്റി നൽകിയ റിപ്പോർട്ടിലെ മത്സര വിഭാഗത്തിലും മലയാളം സിനിമ ടുഡേ വിഭാഗത്തിലും പ്രദർശിപ്പിക്കുന്ന സിനിമകൾ കേരളത്തിലെ ആദ്യ പ്രദർശനം ആയിരിക്കണം എന്ന ഒരു നിർദേശം മാത്രം നടപ്പാക്കാതെ മാറ്റി വെച്ചിട്ടുണ്ട് . അത് ഉടൻ നടപ്പിലാക്കുക .
ഫിലിം ഫെസ്റ്റിവൽ കോംപ്ലക്സ് – എല്ലാ ചലച്ചിത്ര മേളയുടെയും ഉദ്ഘാടനത്തിന് ഫെസ്റ്റിവൽ കോംപ്ലക്സ് ഉടൻ പണിയും എന്ന പ്രഖ്യാപനം ഒരു സ്ഥിരം ഔപചാരികത ആയി തുടർന്നു എന്നതല്ലാതെ ഫെസ്റ്റിവൽ കോംപ്ലക്സ് നിർമാണം ഇതേ വരെയും ആരംഭിച്ചിട്ടില്ല …
ഇതിലേതെങ്കിലും ഒക്കെ കാര്യങ്ങളിൽ സജീവമായ ഇടപെടലും പ്രവർത്തനവും സാംസ്കാരിക വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ..