
സംവിധായകൻ സനൽകുമാർ ശശിധരന്റെ സെക്രട്ടേറിയറ്റിനു മുന്നിലെ അനിശ്ചിതകാല നിരാഹാര സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ഡോ. ബിജു രംഗത്ത്. സനലിന്റെ സമരം തികഞ്ഞ സ്ത്രീവിരുദ്ധവും പരസ്യമായി ഒരു സ്ത്രീയെ പൊതുമധ്യത്തിൽ അപമാനിക്കുന്നതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് ആവിഷ്കാര സ്വാതന്ത്ര്യമല്ലെന്നും മറിച്ച് ഒരു സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവും സ്റ്റോക്കിങ്ങുമാണെന്നും ഡോ. ബിജു കുറ്റപ്പെടുത്തി.
പ്രശസ്തയായ ഒരു നടിയുടെ പേര് ഉൾപ്പെടുത്തി അവർ സെക്സ് റാക്കറ്റിന്റെ തടവിലാണെന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രദർശിപ്പിക്കുന്നത് വലിയ മര്യാദകേടാണ്. സമൂഹത്തിൽ സ്വതന്ത്രമായി ജീവിക്കുകയും അഭിപ്രായങ്ങൾ തുറന്നുപറയുകയും ചെയ്യുന്ന ആർജവമുള്ള ഒരു സ്ത്രീയെ ഇത്തരത്തിൽ അപമാനിക്കുന്നതിൽ കടുത്ത വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. ഒരു സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന ഈ നടപടി അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും ഡോ. ബിജു ആവശ്യപ്പെട്ടു.
നേരത്തെ, തനിക്കെതിരെയുള്ള പൊലീസ് കേസുകളിൽ നീതിപൂർവമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു സാംസ്കാരിക പ്രവർത്തകരുടെ പ്രസ്താവനയിൽ മാനുഷിക പരിഗണന വെച്ച് പേര് ചേർക്കാൻ താൻ അനുമതി നൽകിയിരുന്നുവെന്നും എന്നാൽ വ്യക്തിപരമായ പരാമർശങ്ങൾ പാടില്ലെന്ന് കർശനമായി ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സനലിന്റെ ഇപ്പോഴത്തെ സാമൂഹികവിരുദ്ധവും സ്ത്രീവിരുദ്ധവുമായ പ്രസ്താവനകളും സമരരീതികളും കാണുമ്പോൾ അന്ന് ആ പ്രസ്താവനയിൽ പേര് നൽകാൻ അനുമതി നൽകിയതിൽ കടുത്ത ഖേദമുണ്ടെന്നും ഡോ. ബിജു കൂട്ടിച്ചേർത്തു.
അതേസമയം, സർക്കാരോ നിയമസംവിധാനങ്ങളോ താൻ ഉന്നയിക്കുന്ന വിഷയങ്ങളിൽ അടിയന്തര ഇടപെടൽ നടത്താത്തതിനെ തുടർന്നാണ് സത്യാഗ്രഹം ആരംഭിക്കാൻ തീരുമാനിച്ചതെന്നാണ് സനൽകുമാർ ശശിധരന്റെ വിശദീകരണം. താൻ ഉന്നയിക്കുന്ന ആവശ്യങ്ങൾ കേവലം വ്യക്തിപരമല്ലെന്നും അത്യന്തം ഗൗരവമുള്ള സാമൂഹിക പ്രശ്നങ്ങളെ സംബന്ധിക്കുന്നതാണെന്നുമാണ് സനൽ പറയുന്നത്.
ഡോക്ടർ ബിജുവിന്റെ വാക്കുകൾ;
‘‘സംവിധായകൻ സനൽകുമാർ ശശിധരൻ ഇപ്പോൾ ചെയ്യുന്ന സമരം തികഞ്ഞ സ്ത്രീ വിരുദ്ധവും പരസ്യമായി ഒരു സ്ത്രീയെ പൊതുമധ്യത്തിൽ അപമാനിക്കുന്നതും സ്റ്റോക്ക് ചെയ്യുന്നതുമാണ്. ഏതാണ്ട് രണ്ട് മാസങ്ങൾക്ക് മുൻപ് അദ്ദേഹത്തിനെതിരായ പൊലീസ് കേസുകളിൽ എത്രയും വേഗം നീതിപൂർവമായ അന്വേഷണം നടത്തണം എന്ന ഒരേ ഒരു മാനുഷികമായ ആവശ്യം മുൻനിർത്തി സാംസ്കാരിക പ്രവർത്തകരുടെ ഒരു പ്രസ്താവനയിൽ പേര് വയ്ക്കാൻ അദ്ദേഹം അനുമതി ചോദിച്ചപ്പോൾ ആ ഒരു ഒറ്റ വിഷയത്തിൽ മാത്രം ഒരു മാനുഷിക ആവശ്യം എന്നത് പരിഗണിച്ച് പേര് വയ്ക്കാൻ ഞാനും സമ്മതിച്ചിരുന്നു.
നടിയുടെ പേരോ മറ്റെന്തെങ്കിലും പഴ്സനൽ പ്രശ്നങ്ങളോ ഉൾപ്പെടുത്താതെ അദ്ദേഹത്തിനെതിരായ കേസിൽ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കണം എന്ന ന്യായമായ ഒരു മാനുഷിക ആവശ്യത്തിന് മാത്രമാണ് പേര് വയ്ക്കാൻ സമ്മതിച്ചത്. അതിൽ വ്യക്തിപരമായ വിഷയങ്ങളോ പരാമർശങ്ങളോ ഉണ്ടാവരുത് എന്നും ഞാൻ ആവശ്യപ്പെട്ടിരുന്നു. എന്തുതന്നെയായാലും സനലിന്റെ ഇപ്പോഴത്തെ ഈ സ്റ്റോക്കിങ്ങും സാമൂഹ്യ വിരുദ്ധതയും സ്ത്രീവിരുദ്ധ സ്റ്റേറ്റ്മെന്റുകളും കാണുമ്പോൾ ആ പ്രസ്താവനയിൽ അന്ന് പേര് വയ്ക്കാൻ സമ്മതിച്ചതിൽ ഖേഃദം തോന്നുന്നു.
ഇപ്പോൾ സെക്രട്ടേറിയറ്റിന് മുന്നിൽ അദ്ദേഹം ചെയ്യുന്ന സമരം ഒരു സ്ത്രീയെ പൊതു സമൂഹത്തിൽ പരസ്യമായി അപമാനിക്കുന്നത് ആണ്. ഒരു പ്രശസ്തയായ നടി, സ്വന്തമായി അഭിപ്രായങ്ങളും വ്യക്തിത്വവും ഉള്ള ഒരാൾ, പൊതു സമൂഹത്തിൽ അഭിപ്രായങ്ങൾ പറയേണ്ടിടത്ത് ഉറച്ച ശബ്ദത്തിൽ പ്രതികരിക്കുന്ന ഒരാൾ, സെക്സ് റാക്കറ്റിന്റെ തടവിലാണ് എന്ന് അവരുടെ പേരുൾപ്പെടെ എഴുതി സെക്രട്ടേറിയറ്റിന് മുന്നിൽ പ്രദർശിപ്പിക്കുക എന്നത് എന്ത് മര്യാദകേടാണ്. സമൂഹത്തിൽ സ്വതന്ത്രമായി ജീവിക്കുകയും, അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്ന ആർജവമുള്ള ഒരു സ്ത്രീയെ ഇത്തരത്തിൽ പൊതുസമൂഹത്തിൽ അപമാനിക്കുന്നതിലുള്ള കടുത്ത വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തുന്നു.
ഒരു സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തിൽ സെക്സ് റാക്കറ്റിന്റെ പിടിയിൽ എന്നൊക്കെ ഒരു സ്ത്രീയുടെ പേര് എഴുതി പ്രദർശിപ്പിച്ചു പൊതു മധ്യത്തിൽ അപമാനിക്കുന്നത് നിർത്താൻ സർക്കാർ അടിയന്തിര ഇടപെടൽ നടത്തേണ്ടതാണ്. ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല. ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റവും, സ്റ്റോക്കിങ്ങും ആണ്. ഇത് അടിയന്തിരമായി അവസാനിപ്പിക്കാനുള്ള കർശനമായ നടപടികൾ ഉണ്ടാവണം.’’