
അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കേസരി ചാപ്റ്റര്‍ 2’ ഈ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുകയാണ്. ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം ഇന്ന് ഡല്‍ഹിയിലെ ചാണക്യപുരിയിലെ തീയേറ്ററില്‍ സംഘടിപ്പിക്കപ്പെട്ടു. പ്രദര്‍ശനത്തിനിടെ ആരാധകരോടും പ്രേക്ഷകരോടും അക്ഷയ് കുമാര്‍ നടത്തിയ അഭ്യര്‍ഥനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. “ചിത്രം കാണുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, അത് ചിത്രത്തെ അപമാനിക്കുന്നത് പോലെയാവും,”പ്രേക്ഷകരെ മനസ്സിലാക്കിയിരിക്കണം. നിങ്ങളുടെ ഫോണ്‍ കീശയില്‍തന്നെ വെക്കണമെന്ന് ഞാന്‍ വിനീതമായി അഭ്യര്‍ഥിക്കുന്നു. ഓരോ ഡയലോഗും ശ്രദ്ധിക്കുക,” എന്നാണ് താരത്തിന്റെ വാക്കുകള്‍.
പ്രദര്‍ശനത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, എംപിമാരായ അനുരാഗ് ഠാക്കൂര്‍, ബാന്‍സുരി സ്വരാജ് എന്നിവരും മറ്റ് പ്രമുഖരും പങ്കെടുത്തു.
ചിത്രത്തില്‍ അഭിഭാഷക വേഷത്തിലാണ് അക്ഷയ് കുമാര്‍ എത്തുന്നത്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന സിനിമയുടെ ആമുഖം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷന്‍ കൂടിയായ സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവിതത്തിനെ ആധാരമാക്കിയാണ് എടുത്തത്. 1919-ലെ കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം പുറത്തുകൊണ്ടുവരാനുള്ള ബാരിസ്റ്റര്‍ സി. ശങ്കരന്‍ നായരുടെ പോരാട്ടമാണ് ചിത്രം ആവിഷ്‌കരിക്കുന്നത്.
യഥാര്‍ഥ സംഭവങ്ങളോടൊപ്പം രഘു പാലാട്ട്, പുഷ്പ പാലാട്ട് എന്നിവര്‍ ചേര്‍ന്ന് രചിച്ച ‘The Case That Shook the Empire’ എന്ന പുസ്തകത്തിൽ നിന്നും പ്രചോദനം എടുത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്തത് കരണ്‍ സിങ് ത്യാഗിയാണ്.