
ദേശീയ ചലച്ചിത്ര അവാര്‍ഡുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് നടൻ മുകേഷ്. അവാര്‍ഡ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ പിന്നെ അഭിപ്രായം പറയരുതെന്നും അതിനുശേഷം എന്തെങ്കിലും പറഞ്ഞാല്‍ മാറ്റം ഉണ്ടാകില്ല എന്നും മുകേഷ് വ്യക്തമാക്കി.
‘അവാര്‍ഡ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ പിന്നെ അഭിപ്രായം പറയരുത്. അതിന് മുന്‍പ് എന്തും പറയും. പ്രഖ്യാപിച്ച് കഴിഞ്ഞ് എന്തേലും പറഞ്ഞാല്‍ മാറ്റം ഉണ്ടാകില്ല. ജൂറിയാണ് അള്‍ട്ടിമേറ്റ്. അവാര്‍ഡ് കിട്ടിയവരെ അഭിനന്ദിക്കുകയാണ് എന്റെ ശീലം’. പക്ഷെ കേരള സ്റ്റോറിയ്ക്ക് അവാര്‍ഡ് കൊടുത്തത് ഞാനൊരിക്കലും അംഗീകരിക്കുന്നില്ല’. മുകേഷ് പറഞ്ഞു.
ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ, ഉര്‍വശി തന്നെ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു. അവാര്‍ഡ് സ്വീകരിക്കണമോ വേണ്ടയോ എന്ന് ആലോചിച്ച് തീരുമാനിക്കുമെന്നായിരുന്നു ഉര്‍വശി പറഞ്ഞത്. കഴിഞ്ഞ ദിവസമായിരുന്നു 71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പലവിധത്തിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. വിദ്വേഷവും വ്യാജവിവരങ്ങളും അവതരിപ്പിച്ചതിന്റെ പേരില്‍ ഏറെ വിമര്‍ശനം നേരിട്ട ദ കേരള സ്റ്റോറി എന്ന ചിത്രത്തിന് അവാര്‍ഡ് നല്‍കിയതിന് എതിരെയായിരുന്നു പ്രധാനമായും പരാതികള്‍ ഉയര്‍ന്നത്. മികച്ച സംവിധാനത്തിനും ഛായാഗ്രഹണത്തിനുമായിരുന്നു കേരള സ്റ്റോറിയ്ക്ക് അവാര്‍ഡ് ലഭിച്ചത്.
ഉര്‍വശി(ഉള്ളൊഴുക്ക്)യെയും വിജയരാഘവനെ(പൂക്കാലം)യും സഹനടി/നടന് വിഭാഗത്തിലേക്ക് പരിഗണിച്ചതിനെതിരെയും പരാതി ഉയര്‍ന്നിരുന്നു. ഇരു ചിത്രങ്ങളിലും കേന്ദ്ര കഥാപാത്രങ്ങളെയായിരുന്നു ഇവര്‍ അവതരിപ്പിച്ചിരുന്നത്. മാത്രമല്ല, സംസ്ഥാന പുരസ്കാരവേദിയില്‍ ഉര്‍വശിക്ക് മികച്ച നടിയ്ക്കുള്ള പുരസ്കാരവും ലഭിച്ചിരുന്നു.