“അമ്മ’യുടെ നിയമം ബാബുരാജിന് വേണ്ടി മാറ്റരുത്”; മല്ലിക സുകുമാരൻ

','

' ); } ?>

‘അമ്മ’യുടെ നിയമം ബാബുരാജിന് വേണ്ടി മാത്രം മാറ്റരുതെന്ന് രൂക്ഷ ഭാഷയിൽ വിമർശിച്ച് നടിയും അമ്മയുടെ അജീവനാന്ത അംഗവുമായ മല്ലിക സുകുമാരന്‍. ഓരോരുത്തരുടെ ഇഷ്ടത്തിന് അനുസരിച്ച് സിസ്റ്റത്തില്‍ മാറ്റം വരുത്തുന്നത് ആരുടെ തീരുമാനമാണെന്നും മല്ലിക സുകുമാരന്‍ ചോദിച്ചു. ബാബുരാജ് മത്സരിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ സ്വാര്‍ത്ഥ താത്പര്യമുണ്ടെന്ന അനൂപ് ചന്ദ്രന്റെ ആരോപണത്തോട് യോജിപ്പുണ്ടെന്നും നടി കൂട്ടിച്ചേർത്തു

പെന്‍ഷന്‍ വാങ്ങിക്കുന്നവരും ആരോപണ വിധേയരും മത്സരിക്കാന്‍ പാടില്ലെന്നാണ് നിയമം. സ്‌പോണ്‍സറെ കണ്ടെത്തുന്നതും ഏതെങ്കിലും പരിപാടിക്ക് ലക്ഷങ്ങള്‍ ലാഭമുണ്ടാക്കി നല്‍കുന്നതും അയാള്‍ ചെയ്ത തെറ്റുമായി താരതമ്യപ്പെടുത്തരുത്. ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നവര്‍ക്ക് മത്സരിക്കാമെങ്കില്‍ എന്തുകൊണ്ട് പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ക്ക് മത്സരിച്ച് കൂടാ?. കാര്യങ്ങള്‍ വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്ന ഒരു കമ്മിറ്റിയാണ് സംഘടനയ്ക്ക് വേണ്ടത്. മല്ലിക സുകുമാരൻ ചോദിച്ചു.

‘അമ്മ’ എന്നത് ഒരു മാതൃക സംഘടനയായി നിലനില്‍ക്കണം. ബാബുരാജിന് വേണ്ടി നിയമം മാറ്റുമ്പോള്‍ സ്വഭാവികമായി ആളുകള്‍ക്ക് സംശയമുണ്ടാകും. ആരോപണ വിധേയരായവര്‍ക്ക് മത്സരിക്കാമെങ്കില്‍ പിന്നെ എന്തിനാണ് ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയത്. കോടതി തെളിയിക്കട്ടേയെന്ന് പറഞ്ഞാല്‍ മതിയായിരുന്നല്ലോ. സിദ്ധിഖിനെതിരേ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം മാറി നില്‍ക്കുന്നുണ്ടല്ലോ. അമ്മ സംഘടനയ്ക്ക് ഒരു പുതിയ മുഖം വരുമെന്ന് ഉറപ്പിച്ച് പറയാനുള്ള ധൈര്യം എനിക്കില്ല. മമ്മൂട്ടിയേയോ മോഹന്‍ലാലിനെയോ ഈ സംഘടനയുടെ രക്ഷകര്‍ത്താക്കളായി കൊണ്ടുവരികയാണ് വേണ്ടത്. അവരുടെ പേരുണ്ടെങ്കില്‍ മാത്രമേ ഈ സംഘടന നിലനിന്ന് പോകുകയുള്ളൂ. മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം നടി മാലാ പാർവതിയും, അനൂപ് ചന്ദ്രനും ബാബുരാജ് മത്സരിക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. ആരോപണ വിധേയരായ ആളുകൾ എല്ലാം അവരുടെ സാംസ്‌കാരിക ബോധം കൊണ്ടും, മൂല്യം കൊണ്ടും ഇലക്ഷനിൽ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചപ്പോൾ നടൻ ബാബുരാജ് ജനറൽ സെക്രട്ടറി പോസ്റ്റിലേക്ക് മത്സരിക്കാൻ ഒരുങ്ങുകയാണ്. ബലാത്സംഗ കേസിൽ മുൻ കൂർ ജാമ്യത്തിൽ നിൽക്കുന്ന വ്യക്തിയാണോ ഇത്രയും ശ്രേഷ്ഠമായ ഒരു സംഘടനയെ നയിക്കേണ്ടത്?. നാളെ പൊതു സമൂഹം ‘അമ്മയുടെ നിലവാരം ഇത്രയ്ക്ക് താഴ്ന്നു പോയോ എന്ന് ചോദിച്ചാൽ നമുക്കുത്തരമില്ല. എനിക്കുറപ്പുണ്ട് ബാബുരാജ് സ്വമേധയാ മാറി നിലയ്ക്കാത്തത് അമ്മയുടെ തലപ്പത്തേക്ക് വരുന്നതിലൂടെ അദ്ദേഹത്തിന് ചില സ്വാർത്ഥ താൽപ്പര്യങ്ങൾ ഉണ്ട് . അദ്ദേഹത്തിന്റെ ഇതുവരെ ഉള്ള ചെയ്തികൾ വെളുപ്പിക്കണം അതിനൊരു കസേര വേണം, അത് അമ്മയുടെ കസേര തന്നെയാണ്. അനൂപ് ചന്ദ്രൻ പറഞ്ഞു. അമ്മ’യുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ നിന്ന് ആരോപണ വിധേയനായ നടൻ ബാബുരാജ് മാറി നിൽക്കാത്തത് കൊണ്ടാണ് നടൻ മോഹൻലാൽ സംഘടനയിൽ നിന്ന് രാജി വയ്ക്കാൻ തീരുമാനിച്ചതെന്നായിരുന്നു മാലയുടെ അഭിപ്രായം.