‘മാനുഷി’ക്ക് സെൻസർ ബോർഡ് നിർദേശിച്ച 37 കട്ട്‌ ആവശ്യമുണ്ടോ?. ചിത്രം മദ്രാസ് ഹൈക്കോടതി ജഡ്ജി കാണും

','

' ); } ?>

തമിഴ് ചലച്ചിത്രം ‘മാനുഷി’ക്ക് സെൻസർ ബോർഡ് നിർദേശിച്ച 37 കട്ട്‌ ആവശ്യമുണ്ടോയെന്ന് വിലയിരുത്താൻ ചിത്രം കാണാനൊരുങ്ങി മദ്രാസ് ഹൈക്കോടതി ജഡ്ജി. സെൻസർ ബോർഡ് നിർദേശത്തെ ചോദ്യം ചെയ്ത് സംവിധായകൻ വെട്രിമാരൻ സമർപ്പിച്ച ഹർജിയിന്മേലാണ് ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് സിനിമകണ്ട് വിലയിരുത്താൻ തീരുമാനിച്ചിരിക്കുന്നത്. സംവിധായകൻ വെട്രിമാരന്റെ നിർമാണക്കമ്പനിയായ ഗ്രാസ്റൂട്ട് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 24-ന് ചെന്നൈയിലെ സ്വകാര്യതിയേറ്ററിൽ ചിത്രത്തിന്റെ പ്രത്യേകപ്രദർശനത്തിൽ സെൻസർ ബോർഡ് പ്രതിനിധികളോടും ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

2024 സെപ്റ്റംബർ 11-നാണ് സർട്ടിഫിക്കേഷനുവേണ്ടി സെൻസർ ബോർഡിനുമുൻ പാകെ ചിത്രം സമർപ്പിച്ചെങ്കിലും സെർട്ടിഫിക്കറ്റ് നൽകിയില്ല. എന്നാൽ തന്റെ ഭാഗംകേൾക്കാതെ റീജണൽ ഓഫീസർ സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നിഷേധിച്ചെന്നാരോപിച്ച് വെട്രിമാരൻ ചിത്രം റിവൈസിങ് കമ്മിറ്റിക്കയച്ചു. പക്ഷെ സിനിമ സംസ്ഥാനത്തിന്റെ അഖണ്ഡതയ്ക്കെതിരാണെന്നും പ്രത്യേകസമുദായത്തെ അവഹേളിക്കുന്നതാണെന്നും സർക്കാരിന്റെ നയങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി റിവൈസിങ് കമ്മിറ്റിയും സർട്ടിഫിക്കറ്റ് നൽകരുതെന്ന് ശുപാർശ ചെയ്യുകയായിരുന്നു. എന്നാൽ, വെട്രിമാരൻ ഇതിനെയും ചോദ്യംചെയ്ത്‌ രംഗത്തെത്തി.

സിനിമാറ്റോഗ്രാഫ് ആക്ടിലെ വ്യവസ്ഥകൾക്കനുസൃതമല്ല ബോർഡ് സ്വീകരിച്ച നടപടിക്രമമെന്ന് അദ്ദേഹം വാദിച്ചു. സിനിമ പുനഃപരിശോധിക്കാൻ മനുഷ്യാവകാശപ്രവർത്തകർ ഉൾപ്പെടുന്ന വിദഗ്ധസമിതി രൂപവത്കരിക്കണമെന്ന് 2025 മാർച്ച് 29-ന് സെൻസർ ബോർഡിന് അദ്ദേഹം വീണ്ടും നിവേദനവുംനൽകി. കൂടാതെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പരിധിലംഘിക്കുന്ന ഏതെങ്കിലും രംഗങ്ങളുണ്ടെങ്കിൽ വെട്ടിമാറ്റാൻ തയ്യാറാണെന്നും ഇതിൽ വ്യക്തമാക്കി.

ഗോപി നൈനാർ സംവിധാനംചെയ്ത ‘മാനുഷി’യുടെ ട്രെയ്‌ലർ 2024 ഏപ്രിലിൽ നടൻ വിജയ് സേതുപതി പങ്കുവെച്ചിരുന്നു. തീവ്രവാദക്കുറ്റം ചുമത്തപ്പെട്ട സ്ത്രീയുടെ കഥയാണ് മാനുഷി പറയുന്നത്. ചില പോലീസ് അതിക്രമദൃശ്യങ്ങളും സിനിമയിലുള്ളതായി വിവരമുണ്ട്. ആൻഡ്രിയ നായികയായ ചിത്രത്തിൽ നാസർ, ഹക്കിം ഷാ, ബാലാജി ശക്തിവേൽ എന്നിവരും പ്രധാനവേഷത്തിലുണ്ട്. ഇളയരാജയുടേതാണ് സംഗീതം.