
കർണാടകയിൽ തഗ് ലൈഫ് സിനിമ പ്രദർശിപ്പിക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി സംസ്ഥാനത്തെ വിതരണക്കാർ. റിലീസ് വൈകിയതിനാൽ ചിത്രം തിയേറ്ററിൽ കാര്യമായ വരുമാനം നേടില്ല എന്നാണു വിതരണക്കാർ പറയുന്നത്. സംസ്ഥാനത്ത് വിതരണം ഏറ്റെടുത്തിരുന്ന വെങ്കിടേശ് കമലാകർ ആണ് ഈ തീരുമാനം അറയിച്ചിരിക്കുന്നത്.
തഗ് ലൈഫ് സിനിമ കർണാടകയിൽ നിരോധിച്ചതിന് എതിരെ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി നിലപാട് എടുത്തത്. സിനിമ കർണാടകയിൽ പ്രദർശിപ്പിക്കണം എന്ന കോടതിയുടെ ഉത്തരവിന് പിന്നാലെ എല്ലാ സജീകരണവും കര്‍ണാടക സർക്കാർ ഒരുക്കിയിരുന്നു. സിനിമയുടെ പ്രദർശനം തടയാൻ ശ്രമിച്ചാലും അനുമതിയില്ലാതെ പ്രതിഷേധം നടത്തിയാലും കർശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സിനിമയ്ക്കെതിരേ പ്രതിഷേധ പ്രകടനങ്ങൾ, ലഘുലേഖവിതരണം തുടങ്ങിയവ നടത്താൻ പാടില്ലെന്നും കന്നഡ രക്ഷണവേദികെ അടക്കമുള്ള സംഘടനകളുടെ നേതാക്കൾക്ക് നൽകിയ നോട്ടീസിൽ നിർദേശിച്ചിട്ടുണ്ട്.
ആഗോളതലത്തിൽ റിലീസിനെത്തിയ ചിത്രം തിയേറ്ററിൽ വിജയിച്ചിരുന്നില്ല. സിനിമയുടെ ഇപ്പോഴുള്ള നെഗറ്റീവ് പബ്ലിസിറ്റി തിയേറ്ററിലേക്ക് ആളുകളെ കയറ്റിലെന്നും അഭിപ്രായം ഉണ്ട്. സിനിമയ്ക്ക് ബോക്സ്ഓഫീസിൽ നിന്ന് കാര്യമായ നേട്ടവും ഉണ്ടാക്കാനായിട്ടില്ല. അതേസമയം, കന്നഡ ഭാഷ തമിഴിൽ നിന്നാണുണ്ടായതാണെന്ന കമൽഹാസന്റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും തുടക്കം വെച്ചത്. ഇത് കര്‍ണാടകയില്‍ സിനിമയുടെ പ്രദര്‍ശനം തടയുന്നതിലേക്ക് വരെ എത്തുകയായിരുന്നു. സിനിമയുടെ പ്രദർശനം തടയുന്നതിലേക്ക് കടന്നത്.
കന്നഡ അനുകൂല സംഘടനകൾ വൻ പ്രതിഷേധമാണ് നടനെതിരെ നടത്തിയത്, സിനിമ പ്രദർശിപ്പിക്കുന്നത് തടയണമെന്ന് ഫിലിം ചേംബറിനോട് ഇവർ ആവശ്യപ്പെട്ടു. തുടർന്ന് തഗ് ലൈഫിന്റെ പ്രദർശനം ഒഴിവാക്കാൻ ഫിലിം ചേംബർ തീരുമാനിക്കുകയായിരുന്നു. പിന്നാലെ കമൽ ഹാസന്റെ നിർമാണ കമ്പനി കർണാടക ഹൈക്കോടതിയെ സമീപിച്ചു. മാപ്പു പറഞ്ഞ് പ്രശ്നങ്ങൾ അവസാനിപ്പിക്കാനായിരുന്നു കോടതി നിർദേശിച്ചത്. അതിനു തയ്യാറാകാതെ കമൽഹാസൻ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.