
പ്രമുഖ ഛായാഗ്രാഹകൻ ഷാജികുമാറിന്റെ വേർപാടിൽ വികാരനിർഭരമായ ഓർമ്മക്കുറിപ്പുമായി സംവിധായകൻ വൈശാഖ്. ഷാജികുമാറില്ലായിരുന്നെങ്കിൽ താനെന്ന ചലച്ചിത്രകാരൻ ഉണ്ടാകുമായിരുന്നില്ലെന്നും തന്റെ കരിയറിലെ ഏറ്റവും വലിയ ശക്തിയും പിന്തുണയുമായിരുന്നു അദ്ദേഹമെന്നും വൈശാഖ് പറഞ്ഞു.
“ഷാജിച്ചേട്ടാ… നിങ്ങളെക്കുറിച്ച് ഇങ്ങനെയൊരു കുറിപ്പ് എഴുതേണ്ടി വരുന്നുവെന്ന് വിശ്വസിക്കാനാകുന്നില്ല,” എന്ന് കുറിച്ചുകൊണ്ടാണ് വൈശാഖ് തന്റെ വേദന പങ്കുവെച്ചത്. ഒപ്പം ജോലി ചെയ്ത വ്യക്തി എന്നതിലുപരി ഒരു സഹോദരതുല്യമായ ബന്ധമായിരുന്നു തങ്ങൾ തമ്മിലുണ്ടായിരുന്നത്. ഇത്ര വേഗത്തിൽ വിടപറയേണ്ടി വരുമെന്ന് കരുതിയിരുന്നില്ലെന്നും തങ്ങൾക്കൊരുമിച്ച് ഇനിയും ഒട്ടേറെ സിനിമകൾ ചെയ്യാനുണ്ടായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.
ഷാജികുമാറില്ലാത്ത ഒരു സിനിമായാത്രയെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ലെന്ന് വ്യക്തമാക്കിയ വൈശാഖ്, ഒരുമിച്ചുണ്ടാക്കിയ ഓർമ്മകൾ ജീവിതകാലം മുഴുവൻ മനസ്സിലുണ്ടാകുമെന്നും കൂട്ടിച്ചേർത്തു. വൈശാഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പോക്കിരിരാജ, സീനിയേഴ്‌സ്, മല്ലു സിങ്, പുലിമുരുകൻ, മധുരരാജ, നൈറ്റ് ഡ്രൈവ് തുടങ്ങിയ വൻവിജയം നേടിയ നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവ്വഹിച്ചത് ഷാജികുമാറായിരുന്നു.
വൈശാഖിന്റെ വാക്കുകൾ
”ഷാജിച്ചേട്ടാ… നിങ്ങളെക്കുറിച്ച് ഈ വാക്കുകള്‍ എഴുതേണ്ടി വരുന്നുവെന്ന് എനിക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ല. സത്യത്തില്‍, നിങ്ങളെ പോലൊരാളെ നഷ്ടമാകുന്നതിന്റെ വേദന പങ്കുവെക്കാന്‍ ഒരു വാക്കുകളും മതിയാകില്ല. ചേട്ടാ, നിങ്ങളില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇന്ന് കാണുന്ന ഈ ഫിലിമേക്കാറാകില്ലായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്നയാള്‍ മാത്രമായിരുന്നില്ല നിങ്ങളെനിക്ക്. അതിലും ഒരുപാടായിരുന്നു നിങ്ങള്‍. നിങ്ങള്‍ എന്റെ സഹോദരനായിരുന്നു, എന്റെ ഏറ്റവും വലിയ ശക്തിയായിരുന്നു. നിരന്തരമായ പിന്തുണയും. നിങ്ങള്‍ എനിക്ക് വേണ്ടി ചെയ്തിട്ടുള്ളതൊക്കെ ഞാന്‍ എന്നും കടപ്പെട്ടിരിക്കും ചേട്ടാ.
ഇത്ര വേഗം നിങ്ങളോട് യാത്ര പറയേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാന്‍ ഇനിയും ഒരുപാടുണ്ടായിരുന്നു. അരികില്‍ നിങ്ങളില്ലാതെ സിനിമയിലൂടെയുള്ള എന്റെ യാത്രയെക്കുറിച്ച് ചിന്തിക്കാനാകുന്നേയില്ല. എന്റെ ഒരു ഭാഗം എന്നും നിങ്ങളെ മിസ് ചെയ്യും. നിങ്ങളെ വീണ്ടും കാണാനോ കേള്‍ക്കാനോ എനിക്കിനി സാധിക്കില്ല. പക്ഷെ നമ്മള്‍ ഒരുമിച്ചുണ്ടാക്കിയ ഓര്‍മകള്‍ ജീവിതകാലം മുഴുവന്‍ എനിക്കൊപ്പമുണ്ടാകും. നിങ്ങള്‍ എന്നും എന്റെ കഥയുടെ ഭാഗമായിരിക്കും ചേട്ടാ. ഇതൊരു യാത്ര പറച്ചിലല്ല സഹോദരാ, നിങ്ങള്‍ എന്നും എന്റെ ഹൃദയത്തില്‍ ജീവിച്ചിരിക്കും. വാക്കുകള്‍ക്ക് വിവരിക്കാന്‍ പറ്റുന്നതിലപ്പുറം നിങ്ങളെ മിസ് ചെയ്യുന്നു ഷാജിച്ചേട്ടാ.”