
യുവസംവിധായകന്‍ വിവേക് ആര്യന്‍ (30) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഡിസംബര്‍ 22ന് രാവിലെ 7ന് കൊടുങ്ങല്ലൂരിലുണ്ടായ അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലായിരുന്നു. ഭാര്യ അമൃതയോടൊപ്പം സ്‌കൂട്ടറില്‍ ഗുരുവായൂരിലെ ബന്ധുവിന്റെ അടുത്തേക്ക് പോകവെ നായ കുറുകെച്ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് സ്‌കൂട്ടറില്‍നിന്ന് വീണ് റോഡില്‍ തലയിടിച്ചായിരുന്നു അപകടം.
സാരമായ പരുക്കുകളോടെ ആസ്റ്റര്‍ മിംസിലെത്തിച്ച വിവേകിന്റെ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍നിന്ന് മാറ്റിയിരുന്നു. എന്നാല്‍ നില വീണ്ടും വഷളാവുകയായിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ‘ഓര്‍മയില്‍ ഒരു ശിശിരം’ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു വിവേക് ആര്യന്‍. നിരവധി പരസ്യ ചിത്രങ്ങളും തമിഴ് ഹ്രസ്വചിത്രങ്ങളും വിവേക് ആര്യന്‍ സംവിധാനം ചെയ്തിട്ടുണ്ട്. തൃശൂര്‍ മുരിയാട് ആനന്തപുരം പഴയത്തുമനയിലെ പി.എം. ആര്യന്‍, ഭാവന ദമ്പതികളുടെ മകനാണ്. സംസ്‌കാരം ഇന്ന്.