അന്ന ബെന്‍, ശ്രീനാഥ് ഭാസി, തന്‍വി റാം, റോഷന്‍ മാത്യു എന്നീ യുവതാരങ്ങളെ അണിനിരത്തി കപ്പേള എന്ന അരങ്ങേറ്റ ചിത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് മുസ്തഫ. തന്റെ ആദ്യ ചിത്രം എല്ലാവരിലും ഒരു പുഞ്ചിരി പടര്‍ത്തി പ്രദര്‍ശനം തുടങ്ങിയപ്പോള്‍ മുസ്തഫയും ഹാപ്പിയാണ്. സംവിധായകന്റെ വേഷം മുസ്തഫയ്ക്ക് ധൈര്യം നല്‍കുന്നുണ്ടെങ്കിലും ആദ്യമായി എത്തിയ അരങ്ങ് മറക്കാന്‍ പറ്റില്ലെന്ന് തന്നെയാണ് മുസ്തഫയുടെ അഭിപ്രായം.
ശ്രീനിവാസന്റെ ചെറുപ്പകാലമവതരിപ്പിച്ച് പാലേരി മാണിക്യം എന്ന ഒറ്റ ചിത്രത്തിലെ അഭിനയത്തിലൂടെ മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ച നടനാണ് മുസ്തഫ. ‘ഐന്‍’ എന്ന സിദ്ധാര്‍ത്ഥ് ശിവ ചിത്രത്തിലെ അഭിനയത്തിലൂടെ ദേശീയ പുരസ്‌കാര പരാമര്‍ശം കൂടെ ലഭിച്ചതോടെ മുസ്തഫയിലെ നടന്‍ ഊട്ടിയുറപ്പിക്കപ്പെട്ടു. നീണ്ട പതിനൊന്ന് വര്‍ഷത്തെ സിനിമായാത്രയ്‌ക്കൊടുവിലെത്തിയ തന്റെ സംവിധാന വഴിത്തിരിവിന്റെ വിശേഷങ്ങളുമായി മുസ്തഫ സെല്ലുലോയ്ഡിനൊപ്പം ചേരുകയാണ്….
.കപ്പേള പേരിലെ കൗതുകമെന്താണ്?
കപ്പേളയെന്ന പേരു കേള്‍ക്കുമ്പോള്‍ പലര്‍ക്കും ഒരു കൗതുകമാണ്. ഇവിടെ ഞാന്‍ കപ്പേള കൊണ്ടുദ്ദേശിക്കുന്നത് ഒരു കുരിശടി അല്ലെങ്കില്‍ ചാപ്പല്‍ എന്നൊക്കെ പറയുന്ന അര്‍ത്ഥമാണ്. സിനിമയുമായി ബന്ധപ്പെടുത്തി പറയുമ്പോള്‍, ചിത്രത്തില്‍ അന്ന ബെന്‍ അവതരിപ്പിക്കുന്ന ജെസ്സി എന്ന പെണ്‍കുട്ടിയുടെ വീടിനടുത്ത് ഒരു പൊളിഞ്ഞ കപ്പേളയുണ്ട്. ആ പൊളിഞ്ഞ കപ്പേളയാണ് ജെസ്സിയുടെ ഒരു സ്വകാര്യ ഇടം. സത്യത്തില്‍ അതാണ് കപ്പേളയെന്ന പേരിടാനുള്ള കാരണം.
.എങ്ങനെയാണ് കപ്പേളയുടെ കഥയിലേക്കെത്തിയത്?
കപ്പേള എന്ന് പറയുന്ന കഥയിലേക്ക് ഞാനെത്തുന്നത്, ‘ഞാന്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ്. ആ സിനിമയില്‍ ഞാന്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് നടന്ന ഒരു സംഭവമുണ്ട്. കോഴിക്കോട് വെച്ച് ഞങ്ങളുടെ ഷൂട്ട് നടക്കുന്നതിനിടെ, ഷൂട്ട് കാണാന്‍ വന്ന ഒരു പെണ്‍കുട്ടി ലൊക്കേഷനില്‍ വന്ന് ആര്‍ട്ടിസ്റ്റുകളുടെ കൂടെ ഫോട്ടോയെടുക്കണം എന്നൊക്കെ പറയുകയുണ്ടായി. അങ്ങനെ ആ കുട്ടിയുമായി സംസാരിച്ച സമയത്ത് പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു. ആ സമയത്ത് ഞാനത് വിട്ട് പോയി. പിന്നീടൊരിക്കല്‍ ഇതേ കഥ എന്റെ നാട്ടുകാരനും സുഹൃത്തുമായ വാഹിദ് എന്റെയടുത്ത് വന്ന് പറയുമ്പോഴാണ് ഞാന്‍ നേരത്തേയുണ്ടായ ഈ ഒരു സംഭവവുമായി കണക്ട് ചെയ്തത്. അപ്പോഴാണ് സത്യത്തില്‍ ഇങ്ങനെയുള്ള ഒരു സാധ്യതയെക്കുറിച്ച് ഞാനാലോചിക്കുന്നത്. പെണ്‍കുട്ടികള്‍ ഇപ്പോഴും, ഇന്നലെയും, ഇനിയും ചിലപ്പോള്‍ കടന്നുപോകാവുന്ന ചില സാഹചര്യങ്ങള്‍ ഇതിലുണ്ട് എന്ന് തോന്നിയ ഇടത്തുനിന്നാണ് ഈ ഒരു സ്റ്റോറിയുടെ ഐഡിയ ഡെവലെപ് ചെയ്ത് തുടങ്ങിയത്.
.കോഴിക്കോടും പരിസരങ്ങളുമായിരുന്നു ചിത്രീകരണം. മലബാറില്‍ നിന്ന് ഒരുപിടി താരങ്ങളും ചിത്രത്തിലുണ്ട്. എന്താണ് ഇതിന് പിന്നില്‍?
കോഴിക്കോടിന്റെ പരിസരപ്രദേശങ്ങളാണ് നമ്മള്‍ ഷൂട്ടിനായി പ്ലാന്‍ ചെയ്തത്. അതുകൊണ്ട് തന്നെയാണ് ആ ഭാഗത്തുള്ള എന്റെ ഒരുപാട് സുഹൃത്തുക്കളെയും അവിടുത്തെ തിയറ്റര്‍ ആര്‍ട്ടിസ്റ്റുകളെയും സിനിമയില്‍ സജീവമായി നില്‍ക്കുന്ന കുറേ ആര്‍ട്ടിസ്റ്റുകളേയും എല്ലാം കൂടി ഇതില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചത്.
.അഭിനയത്തിന് അവധി നല്‍കി പൂര്‍ണ്ണസംവിധായകനാകാന്‍ തീരുമാനിച്ചോ?
അങ്ങനെ അഭിനയം നിര്‍ത്തിയിട്ടൊന്നുമില്ല. എനിക്ക് ആപ്റ്റായിട്ടുള്ള കഥാപാത്രങ്ങള്‍ വന്നാല്‍ തീര്‍ച്ചയായും ഞാന്‍ ചെയ്യും. എനിക്ക് വേണ്ടി കഥാപാത്രങ്ങള്‍ വരുമ്പോള്‍, എന്നെ കാസ്റ്റ് ചെയ്യുമ്പോള്‍ ഞാന്‍ എന്തായാലും അഭിനയിക്കും.
.എന്ത് കൊണ്ടാണ് അന്നബെന്നിലേക്കെത്തിയത്?. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ച്?
കുമ്പളങ്ങി കണ്ട സമയത്ത് തന്നെ നമ്മള്‍ എല്ലാവരും നോട്ടീസ് ചെയ്ത ഒരു ആര്‍ട്ടിസ്റ്റാണ് അന്ന ബെന്‍. ഈ സ്റ്റോറി സത്യം പറഞ്ഞാല്‍ ഡെവലപ് ചെയ്ത് ഒരു ഫൈനല്‍ സ്‌ക്രിപ്റ്റിലേക്കൊക്കെ എത്തിയപ്പോള്‍ നമ്മള്‍ പുതിയൊരു ആര്‍ട്ടിസ്റ്റിനെ അല്ലെങ്കില്‍ പുതിയൊരു നായികയെ അന്വേഷിച്ചിരുന്നു. എന്നാല്‍ ആ സമയത്താണ് കുമ്പളങ്ങി നൈറ്റ്സ് കാണുന്നത്. അപ്പോള്‍ പിന്നെ നമ്മള്‍ എന്തുകൊണ്ട് ഇങ്ങനെ ഒരു ആര്‍ട്ടിസ്റ്റിനെ സമീപിച്ച് കൂടാ എന്ന് തോന്നി. അങ്ങനെയാണ് അന്നയിലേക്കെത്തുന്നത്. മറ്റ് ആര്‍ട്ടിസ്റ്റുകളൊക്കെ അന്ന ബെന്നിനെ കാസ്റ്റ് ചെയ്തതിന് ശേഷമാണ് നമ്മള്‍ കണ്ടെത്തിയത്. റോഷന്‍ മാത്യൂ, ശ്രീനാഥ് ഭാസി, സുധി കോപ്പ, തന്‍വി റാം, നിഷ സാരംഗ് എന്നിവരൊക്കെ ചിത്രത്തിലുണ്ട്.
.രഞ്ജിത് എന്ന ഗുരുവാണോ സംവിധാനത്തിലെ വഴികാട്ടി?
തീര്‍ച്ചയായിട്ടും അതെ. രഞ്ജിത്ത് സാറിന്റെ കൂടെയാണ് ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോയിന്‍ ചെയ്യുന്നത്. സാര്‍ തന്നെയാണ് പാലേരി മാണിക്യം പോലെ ഒരു സിനിമയില്‍ നല്ലൊരു കഥാപാത്രം തന്ന് ഇന്നും ആളുകള്‍ തിരിച്ചറിയുന്ന രീതിയിലേക്കെന്നെയെത്തിച്ചത്. ഈ ഒരു ആശയം പറഞ്ഞപ്പോള്‍ തന്നെ രഞ്ജിത്ത് സാര്‍ ‘എഴുതാനുള്ള പരിപാടികളൊക്കെ തുടങ്ങിക്കോ’ എന്ന് പറഞ്ഞ് നമുക്ക് ഒരു സ്പെയ്സ് തരുകയും അത്യാവശ്യം ചെലവിനുള്ള കാശും തന്നു. സത്യത്തില്‍ അതൊരു ഒരു മോട്ടിവേഷന്‍ ആയി(ചിരിക്കുന്നു).
.നിരവധി സംവിധായകര്‍ക്കൊപ്പം അഭിനയിച്ച നടനാണല്ലോ?. മുസ്തഫയെ സ്വാധീനിച്ച സംവിധായകര്‍?
അങ്ങനെ ഒരാളെയും എടുത്ത് പറയാന്‍ പറ്റില്ല. ഞാനഭിനയിച്ച സിനിമയിലെ ഒട്ടുമിക്ക സംവിധായകരും ഓരോ തരത്തിലും എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഓരോരുത്തരില്‍ നിന്നും ഓരോ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റിയിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ എല്ലാവരും നമ്മുടെ ഗുരുക്കന്മാരാണ്. എല്ലാ കാലത്തും വളരെ സപ്പോര്‍ട്ടീവാണ്.
.ദേശീയ അവാര്‍ഡിനര്‍ഹമായ ഐന്‍ സംവിധായകന്‍ സിദ്ദാര്‍ത്ഥ് ശിവ സ്വാധീനിച്ചിട്ടുണ്ടോ?
തീര്‍ച്ചയായിട്ടും. സിദ്ധാര്‍ത്ഥ് ശിവയുടെ ഐന്‍ എന്ന ചിത്രത്തിലൂടെയാണ് എനിക്ക് ദേശീയ അവാര്‍ഡ് സ്പെഷ്യല്‍ ജൂറി മെന്‍ഷന്‍ കിട്ടുന്നത്. സിദ്ധാര്‍ത്ഥുമായി ഞാന്‍ ഒരു പത്ത് പതിമൂന്ന് വര്‍ഷത്തെ പരിചയമുണ്ട്. അതിനിടയ്ക്ക് ബെസ്റ്റ് ആക്ടര്‍ എന്ന ഒരു റിയാലിറ്റി ഷോയിലൂടെയാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. അന്ന് മുതല്‍ ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പരസ്പരം നന്നായിട്ടറിയാം. അങ്ങനെയാണ് ഐന്‍ എന്ന സിനിമ ചെയ്യുമ്പോള്‍ സിദ്ധു എന്നെ അതിലേയ്ക്ക് ക്ഷണിക്കുന്നത്. പിന്നീടും രണ്ട് മൂന്ന് പടങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തു. ഒരു കൂട്ടുകാരന്‍ എന്ന നിലയ്ക്കും ഒരു സംവിധായകന്‍ എന്ന നിലയ്ക്കും, ഒരു അഭിനേതാവ് എന്ന നിലയ്ക്കും എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് സിദ്ധാര്‍ത്ഥ് ശിവ.
.കപ്പേളയ്്ക്ക് ശേഷമുള്ള പദ്ധതികള്‍?.
കപ്പേളയ്ക്ക് ശേഷം ഒരുപാട് പദ്ധതികളുണ്ട്. ഒന്നും നമ്മള്‍ ഒരു പ്ലാനിങ്ങ് പ്രകാരമല്ല ഇപ്പോള്‍ പോയ്യ്ക്കൊണ്ടിരിക്കുന്നത്. ഓരോന്നോരാന്നായി സംഭവിക്കുകയാണ്. അതിന്റെ കൂട്ടത്തില്‍ ബാക്കിയുള്ള പരിപാടികളും ഇനിയുള്ള പരിപാടികളും സംഭവിക്കും എന്ന് പ്രതീക്ഷിക്കുന്നു.
.ആദ്യസംവിധാന സംരംഭം നല്‍കിയ പാഠങ്ങള്‍?.
ഒരു പാട് പാഠങ്ങളുണ്ട്. നമ്മള്‍ മനസ്സിലാക്കി വെച്ചിരിക്കുന്ന കുറേ കാര്യങ്ങള്‍ നമ്മള്‍ വിചാരിക്കുന്നതിനപ്പുറത്തേക്ക്, നമ്മള്‍ പ്രാക്ടിക്കലി, ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ മനസ്സിലാക്കിയ കുറേ കാര്യങ്ങളുണ്ട്. അതിന്റെ പ്രീ പ്രൊഡക്ഷന്‍, ഷൂട്ട്, പോസ്റ്റ് പ്രൊഡക്ഷന്‍ അങ്ങനെ അതിന്റെ ഒരു പ്രോസ്സസ്സിലൂടെ കടന്നുപോകുമ്പോള്‍ നമ്മള്‍ പഠിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. നമ്മുടെ കൂടെ എക്സ്പീരിയന്‍സുള്ള കുറേ ആള്‍ക്കാര്‍ വരുമ്പോള്‍ അതിനേക്കുറിച്ച് പഠിക്കാന്‍ പറ്റി. എന്തായാലും നല്ലൊരു എക്സ്പീരിയന്‍സായിരുന്നു (പുഞ്ചിരി)
.ശ്രദ്ധിക്കപ്പെട്ട പാലേരി മാണിക്യത്തിലെ അഭിനയം മുതല്‍ കപ്പേള വരെയുള്ള സിനിമയുടെ സംവിധാനം വരെ… മുസ്തഫയ്ക്ക് ഈ
സിനിമായായാത്രയെ കുറിച്ചെന്താണ് തോന്നുന്നത്?
സിനിമയോടൊപ്പം എന്നും ഞാന്‍ സഞ്ചരിക്കാനിഷ്ടപ്പെടുന്നു. കണ്ട സിനിമകളും, മനസ്സിലുള്ള സിനിമകളും ഒരുപോലെ സ്വപ്നം കണ്ട് നടക്കുന്ന ഒരു സ്വപ്നജീവിയാണ് ഞാന്‍. ഞാന്‍ ഫുള്‍ ടൈം സിനിമയിലാണ്.
.ഈ ഒരാളില്ലെങ്കില്‍ കപ്പേളയുണ്ടാവില്ലായിരുന്നു. ആരോടാണ് കപ്പേളയുമായി ബന്ധപ്പെട്ട് ഏറ്റവും കടപ്പാട്?.
കപ്പേളയുമായി ബന്ധപ്പെട്ട കടപ്പാട് അങ്ങനെ ഒരാളില്‍ ഒതുക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഇത് ഒരു മൂന്ന് മൂന്നര വര്‍ഷമായിട്ടുള്ള പ്രയത്നമാണ്. അതില്‍ കുറേയാളുകള്‍ വന്ന് ചേര്‍ന്നു, കുറേയാളുകള്‍ കൊഴിഞ്ഞുപോയി. തുടക്കം മുതല്‍ പല ആളുകളും പല ഘട്ടങ്ങളിലായി നമ്മളെ സ്വാധീനിച്ചിട്ടുണ്ട്. പല സ്ഥലങ്ങളില്‍ പോയി കഥ പറഞ്ഞിട്ടുണ്ട്. അവിടെ നിന്നൊക്കെ പല രീതിയിലുള്ള റെസ്പോണ്‍സുകളായിരുന്നു. അത് പല സ്ഥലങ്ങളില്‍ നിന്നും പഠിക്കാനുള്ള കാര്യങ്ങള്‍ കിട്ടിയിട്ടുണ്ട്. ഒരു അവസാന സമയത്ത് ഈ സിനിമ സാധ്യമായത്, ഒരു യാത്രയിലാണ്. ആ യാത്രയില്‍ സിദ്ധാര്‍ത്ഥ് ശിവയും സലാം ബാപ്പുവും ഞങ്ങളെല്ലാവരും കൂടി കഴിഞ്ഞ പ്രളയത്തിന്റെ സമയത്ത് ഒരു വാനില്‍ വയനാട്ടിലേയ്ക്ക് യാത്ര ചെയ്യുകയാണ്. ഒരു ട്രൈബല്‍ കോളനിയിലേക്ക് കുറച്ച് സാധനങ്ങള്‍ കളക്ട് ചെയ്ത് ഞങ്ങള്‍ കൊണ്ട്കൊടുക്കാന്‍ പോയതാണ്. ആ യാത്ര കഴിഞ്ഞ് തിരിച്ചു വരുന്ന വഴിക്കാണ്, ഈ സിനിമ പ്രൊഡ്യൂസ് ചെയ്ത വിഷ്ണു വേണു എന്ന് പറയുന്ന ഒരു ചെറുപ്പക്കാരന്‍ നമ്മളെ സലാം ഇക്കയെ വിളിക്കുന്നത്. എനിക്ക് കോള്‍ ചെയ്യുന്ന സമയത്ത് വരെ വിഷ്ണുവാണ് എന്നെനിക്കറിയില്ലായിരുന്നു. ഞാന്‍ സലാം ഇക്കയുടെ അടുത്ത് ഇങ്ങനെ ഒരു പ്രൊജക്ട് ഓണായിട്ടുണ്ട്, ആര്‍ട്ടിസ്റ്റുകളൊക്കെ റെഡിയായിട്ടുണ്ട്, പ്രൊഡക്ഷന്‍ സൈഡ് ഒന്ന് കൂടി സെറ്റാവാനുണ്ട് എന്നൊക്കെ പറയുന്നതോടെയാണ് വിഷ്ണുവിന്റെ കോള്‍ വരുന്നതും ഞങ്ങള്‍ സംസാരിക്കുന്നതും. ഞങ്ങള്‍ നേരത്തെ പരിചയമുള്ള ആള്‍ക്കാരാണ്, തീവണ്ടി എന്ന് പറയുന്ന സിനിമയില്‍ വിഷ്ണു അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അങ്ങനെ ഞങ്ങള്‍ സംസാരിച്ച് ആ പഴയ സൗഹൃദം പുതുക്കുകയും വിഷ്ണു ഈ പ്രൊജക്ട് ചെയ്യാന്‍ തയ്യാറാവുകയും ചെയ്തു. അതിന് ശേഷമാണ് ബാക്കി കാര്യങ്ങളിലേയ്ക്ക് കടക്കുന്നതും ഈ സിനിമ ഇമ്മീഡിയറ്റായിട്ട് സ്റ്റാര്‍ട്ട് ചെയ്യുന്നതും. അങ്ങനെ നോക്കുമ്പോള്‍ ഈ സിനിമ സത്യത്തില്‍ സാധ്യമായത് വിഷ്ണുവിലൂടെയാണ്. അതിന്റെ പിറകിലേയ്ക്ക് നോക്കുമ്പോള്‍ ഒരുപാട് പേരുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഈ സിനിമയുമായി ബന്ധപ്പെട്ട് എന്നോട് സഹകരിച്ച എല്ലാവരോടും എനിക്ക് കടപ്പാടുണ്ട്, സ്നേഹമുണ്ട്.