
ഗുരുവായൂരിനടുത്ത് തൊഴിയൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകൻ സുനിലിന്റെ കൊലപാതകത്തിനെ ആസ്പദമാക്കി സിനിമയെടുക്കാൻ ഒരുങ്ങി സംവിധായകന്‍ ഷെബി ചൗഘട്ട്. സംഭവം വീണ്ടും ചർച്ചയായ സാഹചര്യത്തിലാണ് സംഭവം നേരിട്ട് അറിയുന്ന ചാവക്കാട് സ്വദേശിയായ സംവിധായകന്റെ തീരുമാനം. 1994-ല്‍ നടന്ന സുനില്‍ വധക്കേസ് മാറ്റി മറിച്ചത് നാല് ചെറുപ്പക്കാരുടെ ജീവിതമാണ്. തികച്ചും നിരപരാധികളായ അവര്‍ പോലീസ് ഫ്രെയിം ചെയ്ത കള്ളക്കേസിലെ ഇരകളാവുകയായിരുന്നു. യഥാര്‍ഥ പ്രതികളെ രക്ഷിക്കാനായി പോലീസ് നടത്തിയ മറ്റൊരു ക്രൈമാണ് നാലുയുവാക്കളുടെ ജീവിതം തകര്‍ത്തത് .
‘സുനിലിന്റെ കൊലപാതകത്തിന് പിന്നില്‍ മറ്റു ചില രഹസ്യങ്ങള്‍ കൂടിയുണ്ട്. ആ സത്യം പുറത്ത് വരുന്നത് ഈ സിനിമയിലൂടെ ആയിരിക്കും’, സംവിധായകന്‍ ഷെബി ചൗഘട്ട് പറയുന്നു. ഈ സംഭവത്തിലെ ഇരകളും അവരുമായി ബന്ധപ്പെട്ടവരും ഒക്കെ അടുത്തറിയാവുന്ന ഒരാളാണ് ഞാൻ. മാധ്യമങ്ങള്‍ പറയുന്നതിനും അപ്പുറമുള്ള യാഥാര്‍ഥ്യമാണ് കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഒരിക്കലും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികാര വര്‍ഗത്തിന് താക്കീത് നല്‍കുന്ന സിനിമയാണ് താൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.