
ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സിനിമാ സെറ്റിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക അതിക്രമം, തുടങ്ങി വകുപ്പുകളാണ് ചുമത്തിയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. സിനിമാ സെറ്റിൽ വച്ച് പീഡിപ്പിച്ചു എന്നാണ് രഞ്ജിത്തിനെതിരായ പരാതി. ഇടുക്കി എസ്പിയുടെ നിർദേശപ്രകാരമാണ് നടപടിയെടുത്തത്.
രണ്ട് ദിവസം മുൻപാണ് യുവതിയുടെ പരാതി ലഭിച്ചത്. പരാതിക്കാരിയുടെ രഹസ്യ മൊഴി അടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ടയത്തെ സെറ്റിൽ വെച്ചാണ് മോശം അനുഭവം നേരിട്ടതെന്ന് പരാതിക്കാരി പറഞ്ഞു. ഡിജിപിക്കാണ് പരാതി നൽകിയത്. പിന്നീട് ഇത് കൊച്ചി സിറ്റി പൊലീസിലേക്ക് കൈമാറി. രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്ത മൂന്നാമത്തെ ലൈംഗികാതിക്രമ കേസാണിത്. ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കുമെന്ന് പൊലീസ് പറയുന്നു.
അറസ്റ്റിലായ രഞ്ജിത്തിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാവിലെ ഡിസ്ചാർജ് ചെയ്തതിനു ശേഷമാണ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്. റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. ജനുവരി 30നാണ് നടിക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നത്. പരാതി വ്യാജമെന്നാണ് രഞ്ജിത്തിൻ്റെ പ്രതികരണം.