
തന്റെ മഹാഭാരതം സിനിമയില്‍ നാനിയും ഭാഗമാകുമെന്ന് വ്യക്തമാക്കി സംവിധായകൻ രാജമൗലി. എന്നാല്‍ ഏതായാരിക്കും കഥാപാത്രമെന്ന് വെളിപ്പെടുത്തിയിട്ടില്ല.ഹിറ്റ് 3യുടെ പ്രമോഷനിടെയാണ് ഇക്കാര്യം രാജമൗലി വ്യക്തമാക്കിയത്.
തെലുങ്ക് പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് നാനി. നാനി നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് ഹിറ്റ് 3. നേരത്തെ റിലീസ് ചെയ്‍ത ചിത്രത്തിന്റെ ടീസര്‍ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസർ “സർക്കാരിന്റെ ലാത്തി” എന്ന പേരോടെയാണ് പുറത്ത് വന്നത്. ഡോക്ടർ ശൈലേഷ് കോലാനുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ചിത്രം ഹിറ്റ് 3 നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്ന് ആണ്. വിശ്വക് സെൻ നായകനായെത്തിയതാണ് ഹിറ്റ്: ദ ഫസ്റ്റ് കേസ്. അദിവ് സേഷ് നായകനായി ഹിറ്റ്: ദ സെക്കൻഡ് കേസും വൻ വിജയമായിതിനാല്‍ മൂന്നിന് വലിയ പ്രതീക്ഷകളാണെന്ന് മാത്രമല്ല തെലുങ്കിലെ മിനിമം ഗ്യാരണ്ടിയുള്ള നടനായതിനാല്‍ നാനിയുടെ ഓരോ സിനിമയും മറ്റ് നായകൻമാരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നതുമാണ്. നടൻ നാനി ഹിറ്റ് പരമ്പരയിലെ ചിത്രങ്ങളുടെ നിര്‍മാതാവുമാണ്.
പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിൽ, വളരെ വയലന്റ് ആയ അതിശക്തമായ പോലീസ് കഥാപാത്രമായാണ് നാനിയെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നു ടീസർ കാണിച്ചു തന്നിരുന്നു. പോലീസ് ഫോഴ്സിനെ ഒന്നാകെ അലട്ടുന്ന ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ എത്തുന്ന നായക കഥാപാത്രമായാണ് നാനി ഇതിലെത്തുന്നത്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും ഹൈപ്പ് ഉള്ള ചിത്രം കൂടിയാണ് ഹിറ്റ് 3. വമ്പൻ ബജറ്റിൽ മികച്ച സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ ഒരു ഗംഭീര സിനിമാനുഭവം നൽകാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്റെ സംവിധായകൻ ശൈലേഷ് കോലാനു.
ഛായാഗ്രഹണം – സാനു ജോൺ വർഗീസ്, സംഗീതം – മിക്കി ജെ മേയർ, എഡിറ്റർ – കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ – ശ്രീ നാഗേന്ദ്ര തങ്കാല, രചന – ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ – നാനി കമരുസു, എസ്‍എഫ്‍എക്സ് സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് – എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ, പിആർഒ ശബരി.
നടന്റെ 32-ാമത് സിനിമയായി ഒരുങ്ങുന്ന ഹിറ്റ് 3 വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്. മാസ് മസാല ചിത്രങ്ങൾ കളം വാഴുന്ന തെലുങ്ക് സിനിമയിൽ കലാമൂല്യമുള്ള ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിലൂടെ ശ്രദ്ധ നേടിയ നടൻ കൂടിയാണ് നാനി. ഏറ്റവും പ്രിയപ്പെട്ട മലയാള സിനിമ കുമ്പളങ്ങി നൈറ്റ്സ് ആണെന്നും മഞ്ഞുമ്മൽ ബോയ്സ് കണ്ട് തന്റെ കിളി പറന്നുവെന്നും, പ്രമോഷന്‍റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ തനിക്ക് പ്രിയപ്പെട്ട മലയാള സിനിമകളെക്കുറിച്ച് നാനി പറയുകയുണ്ടായിരുന്നു.ആവേശം, ലൂസിഫർ, കണ്ണൂർ സ്‌ക്വാഡ്, ഭീഷ്മ പർവ്വം തുടങ്ങിയ സിനിമകൾ ഇഷ്ടമായെന്നും എന്നാൽ എമ്പുരാൻ ഇതുവരെ കാണാൻ സാധിച്ചിട്ടില്ലെന്നും നാനി കൂട്ടിച്ചേർത്തു. നിരവധി തമിഴ്, മലയാളം സിനിമകൾ കണ്ടിട്ടുണ്ട്. ഫേമസ് ആകുന്ന ചിത്രങ്ങൾ ആദ്യകാലത്ത് കാസ്റ്റിൽ കണ്ടിട്ടുണ്ട്. യോദ്ധ, മണിചിത്രത്താഴ് തുടങ്ങിയ മലയാള സിനിമകളുടെ ഡബ്ബിങ് വേർഷൻ കണ്ടിട്ടുണ്ട്. സുരേഷ് ഗോപിയുടെ സിനിമകൾ കണ്ടിട്ടുണ്ട്. എന്റെ മലയാളത്തിലെ പ്രിയപ്പെട്ട സിനിമകളിൽ മുൻപന്തിയിൽ ഉള്ള ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. അതുപോലെ ട്രാൻസ് ഇഷ്ടമാണ്. മഞ്ഞുമ്മൽ ബോയ്സ് കണ്ട് അത്ഭുതപ്പെട്ടുപോയി. ആവേശം, ലൂസിഫർ എന്നീ ചിത്രങ്ങളും എനിക്ക് ഇഷ്ടമാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. കണ്ണൂർ ഭീഷ്മ പർവ്വവും എനിക്ക് ഇഷ്ടമാണ്. ഇങ്ങനെ എനിക്ക് ഇഷ്മായ ഒരുപാട് മലയാള സിനിമകൾ ഉണ്ട്,’ നാനി പറഞ്ഞു.