
പ്രേം നസീറിനോടുണ്ടായിരുന്ന ഭ്രാന്തമായ ആരാധന പോലെയാണ് ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ളതെന്ന് തുറന്നു പറഞ്ഞ് സംവിധായകൻ പ്രിയദർശൻ. ഇപ്പോഴത്തെ ചില നടൻമാരുമായി ഇടപെടുമ്പോഴാണ് പ്രേംനസീറിന്റെ മഹത്വം മനസ്സിലാകുന്നതെന്നും, നസീറിനെപ്പോലുള്ള നടൻ ഇനി മലയാള സിനിമയിൽ ഉണ്ടാകില്ലെന്നും പ്രിയദർശൻ പറഞ്ഞു. പ്രേംനസീർ ഫൗണ്ടേഷൻ നൽകുന്ന സിനിമാരംഗത്തെ സമഗ്ര സംഭാവനക്കുള്ള പ്രേംനസീർ പുരസ്കാരം ഗവർണർ രാജേന്ദ്ര ആർലേക്കറിൽനിന്ന് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത ആരാധകനാണ്. ജോലിയോടുള്ള പ്രധാനമന്ത്രിയുടെ ആത്മാർഥതയാണ് എന്റെ ആരാധനക്ക് കാരണം. ഇതുപോലെ ഭ്രാന്തമായ ആരാധനയാണ് പ്രേംനസീറിനോടും ഉണ്ടായിരുന്നത്. മലയാള സിനിമയിലെ മഹാനായ നടനായിരുന്നു പ്രേംനസീർ. ഇപ്പോഴത്തെ ചില നടൻമാരുമായി ഇടപെടുമ്പോഴാണ് പ്രേംനസീറിന്റെ മഹത്വം മനസ്സിലാകുന്നത്. നസീറിനെപ്പോലുള്ള നടൻ ഇനി മലയാള സിനിമയിൽ ഉണ്ടാകില്ല. അദ്ദേഹത്തിൻ്റെ പേരിലുള്ള അവാർഡ് ലഭിച്ചതിൽ അഭിമാനമുണ്ട്.” പ്രിയദർശൻ പറഞ്ഞു.
“‘സിനിമ വിനോദോപാധി മാത്രമല്ല’ സിനിമ കേവലം വിനോദോപാധി എന്നതിലുപരി സമൂഹത്തിന് ചില ഗുണപാഠങ്ങൾ കൂടി നൽകുന്നതാണ്. എല്ലാ കലാരൂപങ്ങൾക്കും അതിന്റേതായ സന്ദേശമുണ്ട്. സമൂഹത്തിന്റെ പ്രതിഫലനമാണ് സിനിമ. ഇന്ന് സിനിമ ആസ്വദിക്കാൻ ഒടിടി പ്ലാറ്റ്ഫോമുകളുൾപ്പെടെ നിരവധി സംവിധാനങ്ങളുണ്ട്. എന്നാൽ തിയേറ്ററിൽ വലിയ സ്ക്രീനിൽ ആസ്വദിക്കുന്ന അനുഭവം ഒടിടികൾക്കോ ഹോം തിയേറ്ററിനോ നൽകാനാകില്ല. മലയാള സിനിമക്കും ഇന്ത്യൻ സിനിമക്കും മികച്ച സംഭാവനകൾ നൽകിയ വ്യക്തിയാണ് പ്രേംനസീർ. പ്രിയദർശനും നസീറിന്റെ അതേ പാത പിന്തുടരുന്ന വ്യക്തിയാണ്.” ഗവർണർ രാജേന്ദ്ര ആർലേക്കർ കൂട്ടിച്ചേർത്തു.
നിർമാതാവും പ്രേംനസീർ ഫൗണ്ടേഷൻ ചെയർമാനുമായ ജി. സുരേഷ്‌കുമാർ, പ്രേംനസീർ ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് ട്രസ്റ്റി ഫൈസൽ മുഹമ്മദ് ബഷീർ തുടങ്ങിയവർ സംസാരിച്ചു.