
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് കീർത്തി സുരേഷ് നായികയായ പുതിയ ചിത്രം ‘ഡൊറോത്തി’യെ പ്രശംസിച്ച് സംവിധായകൻ മാരി സെൽവരാജ് രംഗത്ത്. ചിത്രം തനിക്ക് അതിയായ സംതൃപ്തി നൽകിയെന്നും സാധാരണ മനുഷ്യരുടെ ജീവിതകഥകളും അവരുടെ വികാരങ്ങളും ഒട്ടും കൃത്രിമത്വമില്ലാതെ വെള്ളിത്തിരയിൽ പകർത്തിവയ്ക്കാൻ ചിത്രത്തിന് കഴിഞ്ഞെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. സംവിധായകനും സംഗീത സംവിധായകൻ ഇളയരാജയ്ക്കും മുഴുവൻ അണിയറപ്രവർത്തകർക്കും അദ്ദേഹം ആശംസകളും നേർന്നു.
കാർത്തികിന്റെ കരിയറിലെ പത്താം ചിത്രമായ ‘ഡൊറോത്തി’ സെപ്റ്റംബർ 25നാണ് തിയേറ്ററുകളിലെത്തിയത്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ സെന്റർപീസ് വിഭാഗത്തിൽ വേൾഡ് പ്രീമിയർ ചെയ്ത ചിത്രം പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ്. സനന്ത്, ഋഷികാന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അതിനിടെ, മാരി സെൽവരാജിന്റെ പുതിയ ചിത്രമായ ‘മഞ്ചനത്തി’യുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഈ ചിത്രത്തിലൂടെ മാരി സെൽവരാജും ഇളയരാജയും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. കതിർ, പ്രിയങ്ക മോഹൻ, കയാദു ലോഹർ, വിധു, പൂർണിമ രവി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം 2027 ആദ്യവാരത്തോടെ തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
മാരി സെൽവരാജിന്റെ വാക്കുകൾ;
“ഇന്നാണ് ഞാൻ ‘ഡൊറോത്തി’ കണ്ടത്. അൽപ്പം വൈകിപ്പോയി. എങ്കിലും ഈ ചിത്രം അതിയായ സംതൃപ്തി നൽകി. ഈ മനുഷ്യരുടെ ജീവിതകഥകൾ സിനിമയാകണമെന്ന് നാം എത്രയോ ആത്മാർത്ഥമായി ആഗ്രഹിക്കാറുള്ളതാണ്! അവരുടെ കഥകൾ, അവരുടെ കണ്ണീരും ആഗ്രഹങ്ങളും മോഹങ്ങളും വഞ്ചനകളും സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം തികച്ചും സ്വാഭാവികതയോടെ വെള്ളിത്തിരയിൽ പകർത്തിവയ്ക്കാൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ സന്തോഷം. ഈ സന്തോഷത്തിന് കാരണക്കാരനായ സംവിധായകൻ കാർത്തിക് സുബ്ബരാജിനും, സിനിമയുടെ നെടുന്തൂണായി നിലകൊള്ളുകയും ഇതെല്ലാം സാധ്യമാക്കുകയും ചെയ്ത നമ്മുടെ രാജാസാറിന്റെ (ഇളയരാജ) സംഗീതത്തിനും, ചിത്രത്തിന്റെ മുഴുവൻ അണിയറപ്രവർത്തകർക്കും എന്റെ സ്നേഹവും ആശംസകളും!,” മാരി സെൽവരാജ് എക്സിൽ കുറിച്ചു.