
പമ്പയിൽ അനുമതിയില്ലാതെ സിനിമ ചിത്രീകരിച്ചത് അബദ്ധം പറ്റിയതാണെന്ന് മൊഴി നൽകി സംവിധായകൻ അനുരാജ് മനോഹർ. തെറ്റുപറ്റിയെന്നും പിഴയടയ്ക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെത്തിയാണ് അനുരാജ് മൊഴി നൽകിയത്. വിശദമായ പരിശോധന നടത്താൻ വേണ്ടി ചിത്രീകരണത്തിനുപയോഗിച്ച ക്യാമറയും അനുബന്ധ ഉപകരണങ്ങളും ഹാജരാക്കാൻ ബന്ധപ്പെട്ടവർ നിർദേശം നൽകിയിട്ടുണ്ട്.
വനംവകുപ്പിന്റെ റാന്നി ഡിവിഷനുകീഴിൽ വരുന്ന സ്ഥലത്താണ് ചിത്രീകരണം നടന്നത്. മകരവിളക്ക് ദിവസമാണ് അനുരാജ് പമ്പയിൽ ചിത്രീകരണം നടത്തിയത്. അന്നേദിവസം ഷൂട്ടിങ്ങിന് അനുമതിയുണ്ടായിരുന്നില്ലെന്നുകണ്ടാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. വനംവകുപ്പിന്റെറെ അനുമതിയില്ലാതെ കഴിഞ്ഞ മകരവിളക്കുദിവസം പമ്പ ഹിൽടോപ്പിൽ സിനിമ ചിത്രീകരിച്ചതായാണ് കേസ്. റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ഗൂഡ്രിക്കൽ റേഞ്ചിൽപ്പെട്ട പ്ലാപ്പള്ളി സ്റ്റേഷൻ അധികൃതരായിരുന്നു സംഭവത്തിൽ കേസെടുത്തത്.
പമ്പയിലെ ചിത്രീകരണത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അനുമതി നിഷേധിച്ചിരുന്ന കാര്യം അനുരാജ് മനോഹർ നേരത്തെ പറഞ്ഞിരുന്നു. എഡിജിപി എസ്. ശ്രീജിത്തിനോടും ചിത്രീകരണത്തിൻ്റെ കാര്യം പറഞ്ഞിരുന്നു. ചിത്രീകരണം സംബന്ധിച്ച് മാധ്യമങ്ങളിൽവന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് കേസെടുത്തത്. മുൻകൂർ അനുമതി വാങ്ങി നിശ്ചിത ഫീസ് നൽകിയിരുന്നെങ്കിൽ കേസെടുക്കില്ലായിരുന്നു. സർക്കാർ ഉത്തരവ് പ്രകാരം സിനിമാ ചിത്രീകരണത്തിനായി ഒരുദിവസം 25,000 രൂപ അടയ്ക്കുകയും 25,000 രൂപ സെക്യൂരിറ്റിയായി കെട്ടിവെക്കുകയും ചെയ്‌താൽ വനമേഖലയിൽ അനുമതിയുള്ളിടത്ത് പ്രവേശിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്യാം. ഇതിന് വനംവകുപ്പ് അനുമതി നൽകുകയും ചെയ്യും.