‘ഉടല്‍’ സംവിധായകനൊപ്പം ദിലീപ് എത്തുന്നു

ഉടല്‍ എന്ന ചിത്രത്തിന്റെ രചയിതാവും സംവിധായകനുമായ രതീഷ് രഘുനന്ദനും ദിലീപും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം വരുന്നു. ദക്ഷിണേന്ത്യയിലെ വമ്പന്‍ പ്രൊഡക്ഷന്‍ കമ്പനിയായ സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി. ചൗധരിയും ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിരയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ദിലീപിന്റെ 148 ാമത്തെ ചിത്രമാണ് ഇത്. രതീഷ് രഘുനന്ദന്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും രചന. പാപ്പന്‍ സിനിമയിലൂടെ ശ്രദ്ധേയയായ നിത പിള്ളയാണ് നായിക.

ജനുവരി 27 എറണാകുളത്ത് വച്ച് ചിത്രത്തിന്റെ ലോഞ്ച് ഇവന്റും സ്വിച്ച് ഓണ്‍ കര്‍മവും നടക്കും. തുടര്‍ന്ന് 28 മുതല്‍ കോട്ടയത്ത് ചിത്രീകരണം ആരംഭിക്കും. സുജിത് ജെ. നായര്‍ ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. തെന്നിന്ത്യയില്‍ നിന്നും ഒരു വമ്പന്‍ താരനിര തന്നെ അണിനിരക്കുന്ന ഈ ചിത്രത്തിലെ കൂടുതല്‍ താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ജനുവരി 27 ന് നടക്കുന്ന ലോഞ്ചിലൂടെ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു

ഹിന്ദി ഉള്‍പ്പെടെ വിവിധ ഭാഷകളിലായി 96 ഓളം സിനിമകള്‍ നിര്‍മിച്ചിട്ടുള്ള സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 97 ാമത്തെ ചിത്രമാണിത്. ഒട്ടനവധി അന്യഭാഷാ ചിത്രങ്ങള്‍ കേരളത്തില്‍ വിതരണത്തിന് എത്തിക്കുകയും നിരവധി മലയാള ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തിട്ടുള്ള ഇഫാര്‍ മീഡിയയുടെ പതിനെട്ടാമത്തെ ചിത്രമായിരിക്കും ഈ ദിലീപ് ചിത്രം.

ചിരഞ്ജീവിയും സല്‍മാന്‍ ഖാനും ഒരുമിച്ച് അഭിനയിച്ച ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ഗോഡ് ഫാദര്‍ ആണ് സൂപ്പര്‍ ഗുഡ് ഫിലിംസ് അടുത്തിടെ നിര്‍മിച്ച ചിത്രം. സുരേഷ് ഗോപി – ജോഷി കൂട്ടുകെട്ടില്‍ 2022 ലെ വമ്പന്‍ ഹിറ്റായി മാറിയ ‘പാപ്പന്‍ ‘എന്ന ചിത്രത്തിനു ശേഷം ഇഫാര്‍ മീഡിയ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ പ്രോജക്ടിനുണ്ട്.