ദിലീപിന്റെ ഹര്‍ജി തള്ളി; പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കില്ല

നടിയെ ആക്രമിച്ച കേസില്‍ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി തള്ളി. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി ഹര്‍ജി തളളിയത്. പത്താം പ്രതി വിഷ്ണു നല്‍കിയ വിടുതല്‍ ഹര്‍ജിയും തളളിയിട്ടുണ്ട്. ഇരുവരെയും പ്രതിപട്ടികയില്‍ നിന്നൊഴിവാക്കില്ല. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.

വിചാരണ കോടതിയിലാണ് ദിലീപ് ഹര്‍ജി നല്‍കിയത്. താന്‍ നിരപരാധിയാണെന്നും തന്നെ കേസില്‍ കുടുക്കുകയായിരുന്നുമെന്നുമാണ് ദിലീപിന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. വിചാരണ കോടതി ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ദിലീപ് മേല്‍കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കേസില്‍ കോടതി വിചാരണ നടപടികളുമായി മുന്നോട്ട് പോകും. ആറ് മാസത്തിനകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

ഹര്‍ജിയില്‍ ഡിസംബര്‍ 31നാണ് കോടതി വാദം കേട്ടത്. ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ അടച്ചിട്ട കോടതി മുറിയിലാണ് വാദം കേട്ടത്.