“ആരോപണം വന്നാൽ അത് എഐ ആണെന്ന് പറഞ്ഞാൽ മതി”; വിവാദ വർത്തകൾക്കിടെ ട്രോളുമായി ധ്യാൻ ശ്രീനിവാസൻ

','

' ); } ?>

“ആരോപണം വന്നാൽ അത് എഐ ആണെന്ന് പറഞ്ഞാൽ മതിയെന്ന” ധ്യാൻ ശ്രീനിവാസന്റെ മറുപടി ഏറ്റെടുത്ത് സോഷ്യൽ മീഡിയ. അറിയാത്ത കാര്യത്തെക്കുറിച്ച് ഒരു ആരോപണം ആരെങ്കിലും ഉന്നയിച്ചാൽ എങ്ങനെ പ്രതികരിക്കണം എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു താരം. “നമ്മളെക്കുറിച്ച് ആരെങ്കിലും ഒരു ആരോപണം പറഞ്ഞാൽ അത് എഐ ആണെന്ന് പറഞ്ഞാൽ മതി”, എന്നായിരുന്നു ധ്യാൻ ശ്രീനിവാസൻ്റെ മറുപടി. പിന്നാലെ നടൻ അജ്മൽ അമീറിന്റെ വിവാദ വാർത്തകളുമായി പ്രതികരണത്തെ കൂടി കലർത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

അടുത്തിടെ അജ്‌മൽ അമീറിൻ്റേതെന്ന പേരിൽ വീഡിയോയും, ശബ്ദ സന്ദേശങ്ങളും പുറത്തു വന്നിരുന്നു. ലൈംഗികചുവയോടെയുള്ള സംഭാഷണത്തിൻ്റെ ചില ഭാഗങ്ങളാണ് പുറത്തു വന്നത്. അതിലൊരു ഭാഗത്ത് അജ്‌മലിൻ്റെ മുഖം കാണിക്കുന്നുമുണ്ട്. എന്നാൽ അതൊക്കെ എ ഐ ആണെന്നും, അത്തരത്തിലൊരു എഡിറ്റഡ് വീഡിയോക്കും തന്നെ തകർക്കാനാവില്ലെന്നും പറഞ്ഞ് കൊണ്ട് വിശദീകരണ വീഡിയോയുമായി അജ്മൽ രംഗത്ത് വന്നിരുന്നു. താനല്ല സന്ദേശങ്ങൾ അയച്ചതെന്നും, തൻ്റെ ഇൻസ്‌റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്‌ത മറ്റൊരാളാണ് ഇതിന് പിന്നിലെന്നുമാണ് അജ്‌മലിന്റെ വാദം. ഇതിന് പിന്നാലെ അക്കൗണ്ട് താൻ മാത്രം കൈകാര്യം ചെയ്യുമെന്നും അജ്മൽ അറിയിച്ചു.

എന്നാൽ ഈ വിഡിയോയ്ക്ക് താഴെ നിരവധി പെൺകുട്ടികൾ അജ്‌മലിനെതിരെ ഗുരുതരമായ മറ്റ് ആരോപണങ്ങളുമായി രംഗത്തെത്തി. അജ്‌മൽ തങ്ങളെ വിഡിയോ കോൾ ചെയ്ത‌തായും മോശം സന്ദേശങ്ങൾ അയച്ചതായും പലരും പറയുന്നു. സിനിമയിൽ തനിക്കൊപ്പം പ്രവർത്തിച്ച സഹതാരങ്ങളോടും മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്ന ആരോപണങ്ങളുമുണ്ട്. ഈ സംഭവങ്ങളെ പരാമർശിച്ചുകൊണ്ടാണോ ധ്യാനിൻ്റെ പ്രതികരണം എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. ആരോപണങ്ങളെ നേരിടാൻ, അതെല്ലാം എഐ ആണെന്ന വാദമുയർത്തുന്നത് പുതിയ ട്രെൻഡ് ആണെന്നാണോ ധ്യാൻ ഉദ്ദേശിച്ചതെന്നാണ് ആരാധകർ ചോദിക്കുന്നത്.