
സിനിമയിൽ നെപ്പോട്ടിസമുണ്ടെന്നും, താനൊരു താരപുത്രനായത് കൊണ്ടാണ് സിനിമയിൽ അവസരം ലഭിച്ചതെന്നും തുറന്നു പറഞ്ഞ് നടൻ ധ്രുവ് വിക്രം. കഴിഞ്ഞ ദിവസം തന്റെ ഏറ്റവും പുതിയ ചിത്രം ബൈസണിന്റെ പ്രൊമോഷന് പരിപാടിക്കിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ധ്രുവ് വിക്രം.
”ഞാനൊരു താരപുത്രനാണെന്നത് ശരിയാണ്. അതിനാല്‍ എനിക്ക് അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. പക്ഷെ ആളുകള്‍ എന്നെ അംഗീകരിക്കാനും സ്നേഹിക്കാനും ഇന്ത്യന്‍ സിനിമയിലൊരു ഇടം കണ്ടെത്താനും എന്ത് ചെയ്യാനും ഞാന്‍ തയ്യാറാണ്. അതുവരെ ഞാന്‍ എന്റെ ജോലി തുടര്‍ന്നു കൊണ്ടിരിക്കും”, ധ്രുവ് വിക്രം പറഞ്ഞു.
2019 ല്‍ പുറത്തിറങ്ങിയ ആദിത്യ വര്‍മയായിരുന്നു ധ്രുവിന്റെ അരങ്ങേറ്റ സിനിമ. തെലുങ്ക് ചിത്രം അര്ജുന് റെഡ്ഡിയുടെ റീമേക്കായിരുന്നു ചിത്രം. ചിത്രം വലിയ വിജയമായില്ലെങ്കിലും ധ്രുവിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വിക്രമിനൊപ്പമുള്ള മഹാനിലും ധ്രുവ് കയ്യടി നേടി. ഇപ്പോഴിതാ ശക്തമായ പ്രകടനാണ് ബൈസണില്‍ ധ്രുവ് കാഴ്ചവച്ചിരിക്കുന്നത്.
മികച്ച പ്രതികരണങ്ങളാണ് ബൈസണ്‍ നേടുന്നത്. അനുപമ പരമേശ്വരന്, രജിഷ വിജയന്, പശുപതി, കലൈയരസന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തില്‍ കബഡി താരമായിട്ടാണ് ധ്രുവ് അഭിനയിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് മാരി സെൽവരാജാണ്. ചിത്രത്തിൽ മലയാളി താരമായ ലാലും, പശുപതി, ഹരി കൃഷ്ണൻ, അഴകം പെരുമാൾ, അരുവി മദനാന്ദ്, കളൈയരസൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.