
ഓരോ കഥാപാത്രത്തിന്റെയും പൂർണതയ്ക്കായി അച്ഛൻ കഷ്ടപ്പെടുന്നതുകാണുമ്പോൾ അതിന്റെ ഒരംശമെങ്കിലും തനിക്ക് ചെയ്യാനാവുന്നില്ലല്ലോ
എന്നോർക്കാറുണ്ടെന്ന് തുറന്ന് പറഞ്ഞ് നടൻ ‘ധ്രുവ് വിക്രം’. കൂടാതെ പഠനത്തിൽ മികവ് കാണിച്ച് അമ്മയെ സന്തോഷിപ്പിക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും, ഇപ്പോൾ ഈ സിനിമയിലൂടെ അമ്മയ്ക്ക് തന്നെയോർത്ത് അഭിമാനിക്കാമെന്നും ധ്രുവ് കൂട്ടിച്ചേർത്തു. ബൈസൺ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രീ-റീലീസ് ചടങ്ങിനിടെയാണ് അച്ഛൻ വിക്രമിനെ കുറിച്ചും, കുടുംബത്തെ കുറിച്ചും ധ്രുവ് വൈകാരികമായി സംസാരിച്ചത്.
“എന്റെ അപ്പാസ് ചിയാൻ സിനിമയിൽ ബുദ്ധിമുട്ടുള്ള ഓരോ സീനുകൾ ചെയ്യുമ്പോഴും ഞാൻ അദ്ദേഹത്തെ ഓർക്കും. അദ്ദേഹം അത്രയും ചെയ്യുമ്പോൾ എനിക്ക് ഇതുപോലും ചെയ്യാനാകുന്നില്ലേ എന്ന് ഞാൻ ചിന്തിക്കും. അങ്ങനെയൊരാളുടെ മകനായി ജനിക്കാൻ എന്ത് പുണ്യമാണ് ചെയ്തത് എന്നറിയില്ല. പക്ഷേ അദ്ദേഹത്തിന്റെ മകനായിരിക്കുന്ന കാലത്തോളം കഷ്‌ടപ്പെടാൻ ഞാൻ തയാറാണ്. എല്ലാത്തിനും നന്ദി ചിയാൻ.” ധ്രുവ് വിക്രം പറഞ്ഞു.
“പഠനത്തിൽ മികവുകാട്ടി അമ്മയെ സന്തോഷിപ്പിക്കുക എന്നത് കുട്ടിക്കാലത്തെ എന്റെ വലിയ ആഗ്രഹമായിരുന്നു. പക്ഷേ എനിക്ക് അതിന് കഴിഞ്ഞില്ല. അക്കാര്യത്തിൽ അമ്മയ്ക്ക് എപ്പോഴും ഒരു നിരാശയുണ്ടായിരുന്നു. ഇപ്പോൾ ഈ സിനിമയിലൂടെ അമ്മയ്ക്ക് എന്നെയോർത്ത് അഭിമാനിക്കാം. ചേച്ചി എന്നെക്കുറിച്ചോർത്ത് അഭിമാനിക്കുന്നതും പ്രത്യേക അനുഭൂതിയാണ്. ചേച്ചിയുടെ മകൾ ആര്യ ‘ബൈസൺ’ ചിത്രീകരണം തുടങ്ങിയ സമയത്താണ് ജനിക്കുന്നത്. ഇപ്പോൾ അവൾക്ക് അഞ്ച് വയസ്സായി. അവൾക്കും ഇത് സന്തോഷമുള്ള കാര്യമാകും”. ധ്രുവ് കൂട്ടിച്ചേർത്തു.
ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് ഒരുക്കുന്ന ബൈസൺ ദീപാവലിയോടനുബന്ധിച്ച് റിലീസ് ചെയ്യാനൊരുങ്ങുകയാണ്.
സ്പോർട്‌സ് ഡ്രാമ ചിത്രമായാണ് ‘ബൈസൺ’ ഒരുക്കിയിരിക്കുന്നത്. അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക. മലയാളത്തിൽ നിന്ന് രജിഷ വിജയനും ലാലും പ്രധാന വേഷത്തിൽ എത്തുന്നു. പശുപതിയാണ് മറ്റൊരു സുപ്രധാനവേഷത്തിൽ. കബഡി താരമായാണ് ചിത്രത്തിൽ ധ്രുവ് എത്തുന്നത്. ഒക്ടോബർ 17ന് ചിത്രം തിയറ്ററുകളിലെത്തും.