
നടൻ വിനായകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ ധർമജൻ ബോൾഗാട്ടി. “എയറിലായ ചേട്ടനും അനിയനും” എന്നാണ് ധർമജൻ ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ആട് 3 യുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണിത്. ചിത്രത്തിൽ ഡ്യൂഡ് എന്ന കഥാപാത്രമായി വിനായകനെത്തുമ്പോൾ ക്യാപ്റ്റൻ ക്ലീറ്റസായാണ് ധർമജൻ എത്തുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തിരിക്കുന്നത്.
2015 ലാണ് ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രം പുറത്തിറങ്ങുന്നത്. മിഥുൻ മാനുവൽ തോമസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും ഹിറ്റായതോടെ മൂന്നാം ഭാഗം അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ആട് 3 യുടെ ചിത്രീകരണം പുരോഗമിക്കുകയാണിപ്പോൾ. വൻ ബജറ്റിൽ ഫാന്റസി എന്റർടെയ്നറായാണ് ചിത്രമെത്തുക. ജയസൂര്യ, വിജയ് ബാബു, സൈജു കുറുപ്പ്, ഭഗത് മാനുവൽ, രൺജി പണിക്കർ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, ശ്രിന്ദ, ബിജുക്കുട്ടൻ, സുധി കോപ്പ, ഹരികൃഷ്ണൻ എന്നിവരോടൊപ്പം കുറച്ച് സർപ്രൈസ് താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഫ്രൈഡേ ഫിലിംസും കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് ആട് 3 നിർമിക്കുന്നത്. ഷാൻ റഹ്മാനാണ് സംഗീതമൊരുക്കുന്നത്. അടുത്ത വർഷം മാർച്ച് 19 ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് വിവരം.