
വർഷങ്ങൾക്ക് ശേഷം കമൽഹാസനും, രജനികാന്തും ഒന്നിക്കുന്ന ചിത്രം “തലൈവർ 173 ” ധനുഷ് സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ട്. നടനും സംവിധായകനുമായ സുന്ദർ സി ചിത്രത്തിൽ നിന്നും പിന്മാറുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് ധനുഷിന്റെ പേര് വ്യാപകമായി ഉയർന്നു വരുന്നത്. ധനുഷ് ഒരു രജിനി ആരാധകൻ ആയതിനാൽ അദ്ദേഹത്തിന് ഇത് നന്നായി ചെയ്യാൻ കഴിയുമെന്നാണ് ഏവരുടെയും പ്രതീക്ഷ.
ധനുഷ് രജിനിയോട് കാല സിനിമയുടെ ഷൂട്ടിംഗ് സമയം മുതൽ രണ്ടു സ്ക്രിപ്റ്റുകൾ പറഞ്ഞിട്ടുണ്ടെങ്കിലും പിന്നീട് നടക്കാതെ പോയി. പക്ഷേ ഇത്തവണ ഈ കോംബോ നന്നായി വന്നാൽ നല്ലൊരു ചിത്രം തന്നെ പ്രതീക്ഷിക്കാം എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു സുന്ദർ സി ചിത്രത്തിൽ നിന്നും പിന്മാറുന്നുവെന്ന് അറിയിച്ചിരുന്നത്. പിന്നാലെ നിരവധിപേർ അഭ്യൂങ്ങളുമായെത്തി. രജിനിയോട് സുന്ദർ സി ഒരു കഥയുടെ വൺ ലൈൻ പറഞ്ഞെന്നും ഇത് ഇഷ്ടമായിട്ടാണ് സൂപ്പർസ്റ്റാർ ചിത്രം ചെയ്യാൻ തയ്യാറായത്. എന്നാൽ സിനിമയുടെ ഫൈനൽ സ്ക്രിപ്റ്റിൽ തലൈവർ തൃപ്തനല്ലെന്നും കഥയിൽ കൂടുതൽ മാസ്സ് എലമെന്റുകൾ കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ടെന്നുമാണ് റിപ്പോർട്ട്. ഇത് ഇഷ്ടപ്പെടാത്തതിനാലാണ് സുന്ദർ സി സിനിമയിൽ നിന്നും ഒഴിവായതെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
തുടർന്ന് കമൽഹാസൻ തന്നെ പ്രതികരണവുമായി രംഗത്തെത്തി. താനാണ് ചിത്രത്തിന്റെ നിർമ്മാതാവെന്നും, രജനീകാന്തിന് ഇഷ്ടപെട്ട കഥ മാത്രമേ ചെയ്യുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സുന്ദറിന് പറയാനുള്ളത് പറഞ്ഞെന്നും, ഇനി സഹകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2027 പൊങ്കൽ റിലീസായി സിനിമ തിയേറ്ററുകളിൽ എത്തും എന്നായിരുന്നു അറിയിച്ചത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ബാനറിൽ കമൽ ഹാസൻ ആയിരുന്നു സിനിമ നിർമിക്കാനിരുന്നത്.