പ്രണയത്തിന്റെ ഒരു വളരെ പഴയ വേര്‍ഷനുമായാണ് തമിഴ് സംവിധായകന്‍ വിജയ് ശ്രീ സംവിധാനം ചെയ്ത ‘ദാദാ 87’ എന്ന ചിത്രത്തിലെ ഒരു ഗാനരംഗം നവമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാകുന്നത്. കമലഹാസന്റെ സഹോദരന്‍ ചാരുഹാസനും നടി മേനകയുടെ അമ്മ സരോജം, ജനകരാജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമായ ‘ദാദാ 87’ ലെ ഗാനരംഗമാണ് ഇറങ്ങിക്കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ആദ്യരാത്രിയില്‍ കണ്ടുമുട്ടുന്ന, വൃദ്ധമിഥുനങ്ങളുടെ പ്രണയരംഗമാണ് ഗാനത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. 1992 ല്‍ പുറത്തിറങ്ങിയ കമലഹാസന്‍ ചിത്രമായ തേവര്‍ മകനിലെ ‘ഇഞ്ചി ഇടുപ്പഴകി…’ എന്ന എവ്രഗ്രീന്‍ ഗാനവും ഇരുവരുടെയും രസകരമായ അഭിനയവും കൂടി
ചേര്‍ന്നപ്പോള്‍ ഗാനം പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. പ്രണയത്തിന് പ്രായം ഒരു വിഷയമല്ലെന്ന് തെളിയിക്കുകയാണി ഈ താരജോടി. ജരാനരകള്‍ ബാധിച്ചാലും ആരെയും ആസൂയപ്പെടുത്തുന്ന തരത്തില്‍ രണ്ട് പേര്‍ക്ക് പ്രണയിക്കാന്‍ സാധിക്കുമെന്ന് ഗാനം തെളിയിക്കുന്നു.
1988 ല്‍ പുറത്തിറങ്ങിയ കമലഹാസന്റെ ‘സത്യ’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ദാദാ 87 എന്നാണ് വാര്‍ത്ത. മുഴുനീള ഗ്യാങ്സ്റ്റര്‍ ചിത്രമാണിത്. മാര്‍ച്ച് ഒന്നിന് തീയറ്ററുകളില്‍ എത്തും. കാലൈ സിനിമാസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറുകളും നേരത്തെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.