ഇടതുപക്ഷ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്നു ;നടന്‍ ദേവന്‍

ഇടതുപക്ഷ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് നടന്‍ ദേവന്‍. താരത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ‘നവകേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ’ നയങ്ങള്‍ വിശദീകരിക്കാന്‍ പ്രസ് ക്ലബില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മലയാളികളുടെ ആത്മാഭിമാനത്തെ തകര്‍ത്തുവെന്നും നിലവിലെ രാഷ്ട്രീയ ജീര്‍ണതയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ദേവന്‍ പറയുന്നു.

ശബരിമല വിഷയത്തോടെ ജനങ്ങള്‍ക്ക് പിണറായി സര്‍ക്കാര്‍ എന്താണെന്ന് മനസ്സിലായെന്നും പിണറായി വിജയന്‍ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മയുടെ നിലപാട് ശരിയല്ല. അമ്മ ആയാലും രാഷ്ട്രീയമായാലും തിരുത്തലുകള്‍ സംഭവിച്ചെങ്കില്‍ മാത്രമേ മുന്നോട്ട് പോകാന്‍ സാധിക്കുകയുളളു.ഒരു മുന്നണിയുമായും സഹകരിക്കില്ല. ഒറ്റയ്ക്കായിരിക്കും പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്നും ദേവന്‍ പറഞ്ഞു.