
പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി’ യുടെ ഒടിടി പതിപ്പിൽ നിന്നും നടി ദീപിക പദുക്കോണിന്റെ പേര് നീക്കം ചെയ്തു. പിന്നാലെ വലിയതോതിലുള്ള വിമർശനമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തക്കാർക്ക് നേരെ വരുന്നത്. സുമതി എന്ന സുപ്രധാനമായ കഥാപാത്രമായിരുന്നു ചിത്രത്തിൽ ദീപിക അവതരിപ്പിച്ചിരുന്നത്. അത്രയും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ച താരത്തിന്റെ പേര് നീക്കം ചെയ്തത് ഒട്ടും പ്രൊഫഷണലായ കാര്യമല്ല എന്നാണ് പ്രേക്ഷകരുടെ വിമർശനം. നേരത്തെ കൽക്കി രണ്ടാം ഭാഗത്തിൽ നിന്നും താരത്തിനെ പുറത്താക്കുന്നതായി നിർമ്മാതാക്കളായ വൈജയന്തി മൂവീസ് അറിയിച്ചിരുന്നു.
ദിവസം എട്ട് മണിക്കൂർ മാത്രമേ സിനിമയ്ക്ക് വേണ്ടി മാറ്റിവെയ്ക്കാൻ കഴിയൂ എന്ന ദീപികയുടെ തീരുമാനമാണ് ചിത്രത്തിൽ നിന്നും താരത്തെ പുറത്താക്കാനുള്ള കാരണമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. രണ്ടാം ഭാഗത്തിൽ ദീപികയ്ക്ക് സ്‌ക്രീൻ ടൈം കുറവാണെന്നുമുള്ള റിപ്പോർട്ടുകൾ കൽക്കിയുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നു. എന്നാൽ അതുമായി ബന്ധപ്പെട്ട ദീപികയുടെ പ്രതികരണവും ശ്രദ്ധേയമായിരുന്നു. “ഒരുപാട് പുരുഷ സൂപ്പർതാരങ്ങൾ എട്ട് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യുന്നുള്ളൂ എന്നത് രഹസ്യമല്ല എന്നും, എന്നാൽ അതൊന്നും വർത്തകളാകുന്നില്ല” എന്നുമായിരുന്നു ദീപികയുടെ പ്രതികരണം. അതുപോലെ തന്നെ പ്രഭാസ് ചിത്രം സ്പിരിറ്റിൽ നിന്നും താരത്തെ പുറത്താക്കിയിരുന്നു.
ഷാരുഖ് ഖാൻ നായകനായെത്തുന്ന ‘കിംഗ്’ ആണ് ദീപികയുടെ പുതിയ ചിത്രം. കിംഗിന് വേണ്ടിയാണ് ദീപിക കൽക്കിയിൽ നിന്നും സ്വയം പിന്മാറിയത് എന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പഠാന്‍ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദുമായി ഷാരൂഖ് ഖാന്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ വന്‍ ഹൈപ്പ് ഉള്ള ചിത്രമാണ് കിംഗ്. അതേ സമയം അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലും ദീപിക പദുക്കോണാണ് നായിക.