ബോളിവുഡ് താര ജോഡികളായ ദീപികയും രണ്‍വീര്‍ സിംഗും വിവാഹിതരായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇറ്റലിയില്‍ നടന്ന വര്‍ണാഭമായ ചടങ്ങുകളാണ് വിവാഹത്തിന്റെ ഭാഗമായി ഉണ്ടായത്. മാധ്യമങ്ങള്‍ക്കോ മൊബൈല്‍ ഫോണുകള്‍ക്കോ പോലും വിവാഹ സ്ഥലത്തേയ്ക്ക് പ്രവേശനാനുമതി ഇല്ല.
ഇറ്റലിയില്‍ നടന്ന വിവാഹത്തിന്റെ ആദ്യ ചിത്രങ്ങള്‍ക്കായുള്ള ‘മുറവിളി’ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ദിവസത്തിന്റെ തുടക്കം മുതലേ നടത്തിയിരുന്നു. വിവാഹച്ചടങ്ങിന് എത്തിയവരോട് തങ്ങളുടെ അനുമതിയില്ലാതെ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍ വിവാഹത്തിന് പിന്നാലെ മൊബൈല്‍ ക്യാമറയിലും മറ്റും പകര്‍ത്തപ്പെട്ട ചിത്രങ്ങളും എത്തി. എന്നാല്‍ പിന്നീട് തങ്ങളുടെ വിവാഹത്തിന്റെ ചിത്രങ്ങള്‍ ഔദ്യോഗികമായിത്തന്നെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ദീപികയും രണ്‍വീറും.
ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുക്കുന്നത്. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തതിനുശേഷമാണ് അതിഥികളെ വിവാഹ വേദിയില്‍ കയറാന്‍ അനുവദിക്കുന്നത്. രണ്‍വീര്‍ തന്നെ താലി ചാര്‍ത്തുന്ന ചിത്രം ദീപികയാണ് ആദ്യം പങ്കുവെച്ചത്. ഇറ്റലിയിലെ ലേക്ക് കോമോയിലെ വില്ല ഡെല്‍ ബാല്‍ബിയാനെല്ലോയില്‍ വച്ചായിരുന്നു വിവാഹ സത്ക്കാരം. വിവാഹ ദൃശ്യങ്ങള്‍ പുറത്താകാതിരിക്കാന്‍ മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. വിവാഹ ശേഷം ഇറ്റലിയില്‍ തുടരുന്ന ഇരുവരും ഉടന്‍ മുംബൈയിലേക്ക് തിരിച്ചെത്തും.