സമ്മാനങ്ങള്‍ക്ക് പകരം ആ പണം ചാരിറ്റിയ്ക്ക് നല്‍കൂ- ദീപികയും രണ്‍വീറും

ആറു വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവില്‍ നാളെ വിവാഹിതരാവുകയാണ് ബോളിവുഡിന്റെ താരജോടികളായ ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും. വിവാഹ റിസപ്ഷനെത്തുന്ന അതിഥികള്‍ സമ്മാനം കൊണ്ടുവരരുതെന്നും സമ്മാനങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍, ആ പണം ചാരിറ്റിയ്ക്കു നല്‍കൂ എന്നുമാണ് അതിഥികളോട് ദീപികയും രണ്‍വീറും അഭ്യര്‍ത്ഥിക്കുന്നത്. സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ പണം ചെക്കായി, ദീപികയുടെ നേതൃത്വത്തിലുള്ള ‘ദ ലിവ് ലൗ ലാഫ്’ ഫൗണ്ടേഷന് സംഭാവന നല്‍കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. മാനസികാരോഗ്യത്തെ കുറിച്ചും വിഷാദരോഗത്തെ കുറിച്ചുമൊക്കെ ആളുകളില്‍ ബോധവത്കരണം ഉണ്ടാക്കാനായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷനാണ് ദീപികയുടെ നേതൃത്വത്തിലുള്ള ‘ദ ലിവ് ലൗ ലാഫ്’.

നവംബര്‍ 14, 15 ദിവസങ്ങളിലായി ഇറ്റലിയിലെ ലൊമ്പാര്‍ഡി കോമോ തടാകക്കരയിലെ വില്ല ഡെല്‍ ബാല്‍ബിയാനെല്ലോയിലാണ് താരങ്ങളുടെ രാജകീയമായ വിവാഹം നടക്കുക.അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമേ ഇറ്റലിയിലെ റോയല്‍ വെഡ്ഡിങ് വേദിയിലേക്ക് ക്ഷണമുള്ളൂ. ഇറ്റലിയിലെ വിവാഹത്തിനു ശേഷം നവംബര്‍ 21 ന് ബാംഗ്ലൂരിലെ ദീപികയുടെ ജന്മനാട്ടില്‍ ഒരു വെഡ്ഡിംഗ് റിസപ്ഷനും താരങ്ങള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. കൂടാതെ, സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കുമായി നവംബര്‍ 28 ന് മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലും വെഡ്ഡിങ് റിസപ്ഷന്‍ സംഘടിപ്പിക്കുന്നുണ്ട്.