കപില്‍ ദേവായി റണ്‍വീര്‍ ഭാര്യ റോമിയായി ദീപികയും : 83യില്‍ വീണ്ടുമൊന്നിച്ച് താരജോഡി

ഇന്ത്യയുടെ ആദ്യ ലോകകപ്പ് ക്രിക്കറ്റ് നേട്ടത്തെ ആസ്പദമാക്കി ഒരുക്കുന്ന ബോളീവുഡ് ചിത്രമാണ് 83. ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച നായകന്‍ കപില്‍ ദേവായി നടന്‍ രണ്‍വീര്‍ സിംഗെത്തുമ്പോള്‍ ചിത്രത്തില്‍ കപില്‍ ദേവിന്റെ ഭാര്യ റോമി ദേവിന്റെ വേഷത്തിലെത്തുന്നത് ദീപിക പദുകോണ്‍ ആണ്. ഇരുവരുടെയും ഒരു പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. വിവാഹ ശേഷം ഇരുവരും ഒന്നിച്ച് സ്‌ക്രീനിലെത്തുന്ന അവസരത്തില്‍ ചിത്രം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. പിക്ചര്‍ പെര്‍ഫക്ട് എന്നാണ് ചിത്രത്തിന് ആരാധകര്‍ നല്‍കിയിരിക്കുന്ന കമന്റ്.

കപില്‍ ദേവിനോട് രൂപസാദൃശ്യമുള്ള മേക്ക് ഓവറില്‍ രണ്‍ബീര്‍ പങ്കുവെച്ച ചിത്രം നേരത്തെ സമൂഹമാധ്യമങ്ങളില്‍ ഏറെ സ്വീകരിക്കപ്പെട്ടിരുന്നു.ഇപ്പോള്‍ ഹെയര്‍ സ്റ്റൈലിലും വസ്ത്രധാരണ രീതിയിലുമെല്ലാം റോമി ദേവായിയാണ് ദീപികയും എത്തിയിരിക്കുന്നത്.

‘എന്റെ ഭാര്യയാവാന്‍ ആരാണ് കൂടുതല്‍ മികച്ചത്, എന്റെ ഭാര്യയല്ലാതെ! എന്നായിരുന്നു,’ ചിത്രത്തിന്റെ കാസ്റ്റിംഗിനെ കുറിച്ച് രണ്‍വീര്‍ മുന്‍പ് സംസാരിച്ചത്. ചിത്രം ഏപ്രില്‍ 10 ന് തിയറ്ററുകളില്‍ എത്തും.