ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായി ദീപിക; ‘ചപ്പാക്ക്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം ആസ്പദമാക്കി മേഘ്‌ന ഗുല്‍സാര്‍ ഒരുക്കുന്ന ‘ചപ്പാക്കി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. സിനിമയില്‍ മാല്‍ടി എന്ന കേന്ദ്രകഥാപാത്രത്തെയാണ് ദീപിക പദുകോണ്‍ അവതരിപ്പിക്കുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷമി അഗര്‍വാള്‍ എന്ന യുവതിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ‘മാല്‍ടി’ എനിക്കൊപ്പം എന്നെന്നും ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രമെന്ന അടിക്കുറിപ്പോടെയാണ് ദീപിക ചിത്രം പങ്കു വെച്ചിരിക്കുന്നത്. 2020 ജനുവരി 10ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നും ദീപിക പറയുന്നു.

വിക്രം മാസ്സിയാണ് ദീപികയുടെ നായകനാവുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ദീപിക പദുകോണിന്റെ നിര്‍മ്മാണ കമ്പനിയായ കെഎ എന്റര്‍ടെയിന്‍മെന്റും മേഘ്‌നാ ഗുല്‍സാറിന്റെ മൃഗ ഫിലിംസും സംയുക്തമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദീപികയുടെ ആദ്യ നിര്‍മ്മാണസംരംഭം എന്ന പ്രത്യേകത കൂടിയുണ്ട് ‘ചപ്പാക്കി’ന്.