
“ഇന്ത്യയിലെ പല മെയിൽ സൂപ്പർതാരങ്ങളും എട്ടു മണിക്കൂർ മാത്രമാണ് ജോലി ചെയ്യുന്നതെന്നും എന്നാൽ അതൊരിക്കലും ഒരു വാർത്തയായി മാറുന്നില്ലെന്നും” തുറന്നു പറഞ്ഞ് നടി ദീപിക പദുക്കോൺ. കൂടാതെ തന്റെ പോരാട്ടങ്ങൾ നിശബ്ദമായിട്ടാണെന്നും, മാന്യമായി പോരാടുക എന്നതാണ് തന്റെ രീതിയെന്നും ദീപിക പറഞ്ഞു. കൂടുതൽ പ്രതിഫലവും ജോലി സമയം എട്ടു മണിക്കൂറാക്കി ചുരുക്കണമെന്നും ദീപിക ആവശ്യപ്പെട്ടത് കൊണ്ടാണ് നാഗ് അശ്വിൻ ചിത്രത്തിൽ നിന്നും ദീപിക പുറത്തായതെന്ന വാർത്തകളിൽ പ്രതികരിക്കുകയായിരുന്നു താരം.
‘ഇന്ത്യയിലെ പല മെയിൽ സൂപ്പർസ്റ്റാറുകളും ദിവസവും എട്ടു മണിക്കൂർ മാത്രമാണ് ജോലി ചെയ്യുന്നത് പക്ഷെ അതൊന്നും ഒരിക്കലും വാർത്തയായിട്ടില്ല. ആരുടേയും പേരെടുത്ത് പറഞ്ഞ് ഇതൊരു വിഷയമാക്കാൻ എനിക്ക് ആഗ്രഹമില്ല. തിങ്കൾ മുതൽ വെള്ളി വരെ മാത്രം ജോലി ചെയ്യുന്ന താരങ്ങൾ വരെ ഇവിടെയുണ്ട്. എന്റെ പോരാട്ടങ്ങൾ എന്നും നിശബ്ദമായിട്ടാണ്. എന്നാൽ ഞാൻ പോലും വിചാരിക്കാത്ത തരത്തിൽ അവ ചിലപ്പോൾ പബ്ലിക് ആയി മാറിയിട്ടുണ്ടാകാം. പക്ഷെ വളരെ മാന്യമായി പോരാടുക എന്നതാണ് എന്റെ രീതി. ഇന്ത്യൻ സിനിമാ വ്യവസായം വളരെ അസംഘടിതമാണ് അതിനെ ഒരുമിപ്പിക്കാനായി ഒരു സംവിധാനം കൊണ്ടുവരേണ്ടത് ആവശ്യമാണ്’, ദീപിക പദുക്കോൺ പറഞ്ഞു.
നേരത്തെ, ഷൂട്ടിംഗ് സെറ്റുകളിൽ സമയക്രമം വേണമെന്ന നടിയുടെ ആവശ്യം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ദിവസം ആറുമണിക്കൂർ ജോലിസമയം, ചിത്രത്തിന്റെ ലാഭവിഹിതം, ഉയർന്ന പ്രതിഫലം തുടങ്ങിയ ഡിമാൻഡുകളാണ് ദീപിക മുന്നോട്ട് വെച്ചിരുന്നത്. ഇതേ ചൊല്ലി ദീപികയും സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്കയും നടത്തിയ തർക്കങ്ങൾ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ഡിമാന്റുകൾ അംഗീകരിക്കാൻ കഴിയാത്തതിനാൽ സന്ദീപ് റെഡ്ഡിയുടെ ചിത്രത്തിൽ നിന്ന് ദീപികയെ ഒഴിവാക്കിയിരുന്നു. പ്രഭാസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘സ്പിരിറ്റി’ൽ നിന്നാണ് ദിപീകയെ ഒഴിവാക്കിയത്. കൽക്കിയിൽ നിന്ന് കൂടി ദീപികയെ ഒഴിവാക്കിയതോടെ നടിയുടെ ഡിമാന്റുകൾക്ക് നേരെ വലിയ രീതിയിലുള്ള വിമർശനമായിരുന്നു നേരിട്ടത്.