
പുതുവത്സര ദിനത്തിൽ പുതിയ വീടിൻ്റെ ചിത്രം പങ്കുവച്ച് സന്തോഷം പങ്കിട്ട് നടൻ ദീപക് പറമ്പോൽ. വീടിനായി തറ കെട്ടിയതിന്റെയും നിർമാണം പൂർത്തിയായ വീടിൻ്റെയും ചിത്രങ്ങളാണ് ദീപക് പങ്കുവച്ചിരിക്കുന്നത്. സിനിമ നിരവധി നല്ല കാര്യങ്ങൾ തന്നു. ഇപ്പോഴിതാ ഇതും. സിനിമയ്ക്ക് നന്ദി’ എന്ന ക്യാപ്ഷനും ചിത്രത്തിന് നൽകിയിട്ടുണ്ട്.
ഭാര്യയും നടിയുമായ അപർണ ദാസിനെയും വിനീത് ശ്രീനിവാസനെയും ദീപക് പോസ്റ്റിൽ മെൻഷൻ ചെയ്തിട്ടുണ്ട്. പുതുവർഷം കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന വിഡിയോയും ദീപകും അപർണയും പങ്കുവച്ചിരുന്നു. നടൻ ബേസിൽ ജോസഫും ബാലു വർഗീസും ദീപകിന്റെ സന്തോഷത്തിൽ പങ്കുചേർന്നു.
വിനീത് ശ്രീനിവാസനായിരുന്നു ദീപക്കിനെ സിനിമയിലേക്ക് കൊണ്ടുവന്നത്. വിനീത് ശ്രീനിവാസൻ്റെ മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് ദീപക് പറമ്പോൽ സിനിമയിലേക്കെത്തുന്നത്. ‘തട്ടത്തിൻ മറയത്ത്’, ‘തിര’, ‘ഡി കമ്പനി’, ‘കുഞ്ഞിരാമായണം’, രക്ഷാധികാരി ബൈജു, ‘വിശ്വവിഖ്യാതരായ പയ്യന്മാർ’, ‘ക്യാപ്റ്റൻ’, ‘ബി.ടെക്ക്’, ‘കണ്ണൂർ സ്ക്വാഡ്’, ‘മഞ്ഞുമ്മൽ ബോയ്സ്’, ‘വർഷങ്ങൾക്ക് ശേഷം’, ‘സർക്കീട്ട്’ തുടങ്ങി നിരവധി ചിത്രങ്ങളിൽ പ്രധാനവേഷങ്ങളിൽ ദീപക് അഭിനയിച്ചിരുന്നു.