
ദശമൂലം ദാമുവിനെ കേന്ദ്ര കഥാപാത്രമാക്കി സിനിമ വരുമെന്ന പ്രഖ്യാപനം തള്ളി തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം. ദശമൂലം ദാമുവിനെ വെച്ച് ഒരു സിനിമ ഇനി ഉണ്ടാകില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബെന്നി പി നായരമ്പലം. ദശമൂലം ദാമുവിന്റെ ഒരു സ്പിൻ ഓഫിനായി ശ്രമിച്ചിരുന്നു. എന്നാൽ അതൊന്നും നടന്നില്ല. ഇപ്പോൾ തനിക്കും അതിനുള്ള താത്പര്യം നഷ്ടപ്പെട്ടു എന്നും ബെന്നി പി നായരമ്പലം പറഞ്ഞു. മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദശമൂലം ദാമു ഇനി വരില്ല. അങ്ങനെയൊരു സിനിമയ്ക്കുള്ള ശ്രമങ്ങള്‍ കുറേ നടത്തിയിരുന്നു. പിന്നെ സുരാജിനും അതിനുള്ള ഒരു ധൈര്യമില്ല. ചെയ്യാമെന്ന് പറഞ്ഞിട്ട് പല സെറ്റപ്പിലും നോക്കിയിരുന്നു. പിന്നെ അതിന്റെ പ്രസക്തിയങ്ങ് പോയി. ആ കഥാപാത്രം വന്നിട്ട് ഇപ്പോള്‍ ഒരുപാട് നാളായില്ലേ. എനിക്കും അതിനോടുള്ള താത്പര്യം നഷ്ടപ്പെട്ടു. അതുകൊണ്ട് എന്തായാലും ദശമൂലം ദാമു ഇനി ഉണ്ടാകില്ല,’ എന്ന് ബെന്നി പി നായരമ്പലം പറഞ്ഞു.
2009 ലായിരുന്നു ഷാഫി സംവിധാനം ചെയ്ത ചട്ടമ്പിനാട് റിലീസ് ചെയ്തത്. ചിത്രത്തിൽ കോമഡി സ്വഭാവമുള്ള ഒരു ഗുണ്ടാ കഥാപാത്രമായിരുന്നു സുരാജ് അവതരിപ്പിച്ച ദശമൂലം ദാമു. സിനിമയിൽ ഏറെ കയ്യടി വാങ്ങിയ ഈ കഥാപാത്രം പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെ വലിയ ആരാധകരെയുണ്ടാക്കുകയും ചെയ്തു. തിയേറ്ററിൽ കയ്യടി നേടിയ ഈ റോൾ വർഷങ്ങൾക്കിപ്പുറം സിനിമാപ്രേമികളും ട്രോളന്മാരും സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ആഘോഷിക്കുകയുമുണ്ടായി.