
കാന്താരയിലെ ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ അനുകരിച്ച് വിമർശനങ്ങൾ ഏറ്റുവാങ്ങി നടൻ രൺവീർ സിങ്. ഗോവ രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപനചടങ്ങിലായിരുന്നു സംഭവം. ചിത്രത്തിലെ ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ അഭിനന്ദിക്കുന്നതിനിടെ സിനിമയുടെ ക്ലൈമാക്സിലെ ഋഷഭിന്റെ അഭിനയം അനുകരിച്ച് കാണിക്കുകയായിരുന്നു രണ്‍വീര്‍ സിങ്. ”ഞാന്‍ കാന്താര തിയേറ്ററില്‍ കണ്ടിരുന്നു. ഋഷഭിന്റെ പ്രകടനം അസാധ്യമായിരുന്നു. പ്രത്യേകിച്ചും ആ പെണ് പ്രേതം ശരീരത്തില്‍ പ്രവേശിക്കുന്ന രംഗം (ഋഷഭിനെ അനുകരിക്കാന്‍ ശ്രമിക്കുന്നു). ആ ഷോട്ട് അതിഗംഭീരമായിരുന്നു” എന്ന് പറഞ്ഞു കൊണ്ടാണ് രണ്‍വീര്‍ കാന്താരയെ അഭിനന്ദിക്കുന്നത്.
അഭിനന്ദിക്കുന്നതിനിടെ രണ്‍വീര്‍ ചാമുണ്ഡി ദേവിയെ പ്രേതമെന്ന് വിളിച്ചതും ഋഷഭിന്റെ പ്രകടനത്തെ വികലമായി അനുകരിച്ചതും സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. ദൈവവും പ്രേതവും തമ്മിലുള്ള വ്യത്യാസം അറിയില്ല, ദക്ഷിണേന്ത്യന്‍ സംസ്കാരത്തെക്കുറിച്ച് അടിസ്ഥാനമായ അറിവു പോലും ഇല്ലാത്തതു കൊണ്ടാണ് ഇതുപോലെയുള്ള കാട്ടിക്കൂട്ടലുകള്‍ നടത്തുന്നതെന്നും വിമര്‍ശകര്‍ പറയുന്നു. അതേസമയം രണ്‍വീറിനോട് തന്നെ അനുകരിക്കരുതെന്ന് നേരത്തെ തന്നെ ഋഷഭ് പറഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സദസിലിരുന്ന രജനികാന്ത് അടക്കമുള്ളവരെ അഭിവാദ്യം ചെയ്യാനായി രണ്‍വീര്‍ വേദിയില്‍ നിന്നും ഇറങ്ങി വന്നിരുന്നു. ഇതിനിടെ ഋഷഭിനെ കണ്ട ആവേശത്തില്‍ രണ്‍വീര്‍ കാന്താരയിലെ രംഗം അനുകരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഋഷഭ് അതിനെ വിലക്കുന്നതിന്റെ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.
ഋഷഭ് ഷെട്ടിയും കാന്താരയുടെ അണിയറ പ്രവര്‍ത്തകരും പരിപാടികളില്‍ അതിഥികളായി എത്തിയിരുന്നു. രണ്‍വീര്‍ സിങ് ആയിരുന്നു പരിപാടിയുടെ അവതാരകന്. അതേസമയം കാന്താര ത്രീയില്‍ തന്നെ കാണാന്‍ ആഗ്രഹമുണ്ടോ എന്നും രണ്‍വീര്‍ കാണികളോടായി ചോദിക്കുന്നുണ്ട്.