
ഭൂട്ടാൻ വാഹന കള്ളക്കടത്ത് കേസിൽ നടൻ അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനൊരുങ്ങി കസ്റ്റംസ്. വിദേശ നിർമിത കാറുകളുടെ വിൽപനയിൽ അമിത് മുഖ്യ ഇടനിലക്കാരനെന്നതാണ് കസ്റ്റംസ് കണ്ടെത്തൽ. കോയമ്പത്തൂരിലെ വാഹനമാഫിയ സംഘവുമായി അമിത്തിന് അടുത്ത ബന്ധമുണ്ടെന്നും സൂചന ലഭിച്ചതിനാൽ അമിത്തിന്റെ കഴിഞ്ഞ വർഷങ്ങളിലെ ഇടപാടുകളിലും സമഗ്രമായ അന്വേഷണം നടക്കും.
അതേ സമയം കള്ളക്കടത്തിന് കൂട്ടുനിന്ന ഹിമാചലിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചറിയുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഷിംല റൂറൽ ആർ.ടി.ഓ. ഓഫീസിലെ ഉദ്യോഗസ്ഥരാണ് ഒത്താശ ചെയ്തതെന്ന് സംശയിക്കുന്നു. മിക്ക കള്ളക്കടത്ത് വാഹനങ്ങളുടെയും രജിസ്ട്രേഷൻ ‘HP 52’ സീരീസിലാണെന്ന് റിപ്പോർട്ട്.
തമിഴ്നാട് വാഹനമാഫിയ സംഘത്തിലെ കണ്ണിയെ ഇതിനകം ചോദ്യം ചെയ്തു കഴിഞ്ഞു. അസം സ്വദേശിയായ മാഹിൻ ആണ് സംഘത്തിലെ മുഖ്യ കണ്ണിയെന്നാണ് സംശയം. അദ്ദേഹത്തിന്റെ പേരിലുള്ള ടൊയോട്ട ലാൻഡ് ക്രൂസർ ഇന്നലെ കുണ്ടന്നൂരിലെ വർക്ഷോപ്പിൽ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തു.