
പൊതുപരിപാടിക്കിടെ വേദിയിലെ ടീപ്പോയിലിരുന്ന ഗ്ലാസിലെ വെള്ളമെടുത്ത് കൈ കഴുകിയ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ പ്രവർത്തിക്ക് വിമർശനം.സിനിമാ താരങ്ങളുടെയും രാഷ്ട്രീയ-സാംസ്കാരിക നേതാക്കളുടെയും പൊതുവിടങ്ങളിലെ പെരുമാറ്റവും അപ്രതീക്ഷിത സാഹചര്യങ്ങളെ അവർ നേരിടുന്ന രീതിയും നിരന്തരം ചർച്ചയാകാറുള്ള പശ്ചാത്തലത്തിലാണ് പുതിയ സംഭവം.
എക്സ് (ട്വിറ്റർ) ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് കേന്ദ്രമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായത്. വേദിയിലിരുന്ന് ഇത്തരത്തിൽ കൈ കഴുകിയ അദ്ദേഹത്തിന് തീരെ ‘സിവിക് സെൻസ്’ ഇല്ലെന്നാണ് ഭൂരിഭാഗം പേരും കമന്റുകളിലൂടെ വിമർശിക്കുന്നത്. വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്കും ട്രോളുകൾക്കുമാണ് നിലവിൽ ഈ വിഡിയോ കാരണമായിരിക്കുന്നത്.
‘വളരെ മോശം പെരുമാറ്റം… വിദ്യാഭ്യാസം ഇല്ലാത്തവർ പോലും ഇത് ചെയ്യില്ല’, ‘അടുത്ത ജന്മത്തിൽ ബ്രാഹ്മണനാകാൻ അദ്ദേഹം ഇപ്പോഴേ പരിശീലനം നടത്തുകയാണെന്ന് തോന്നുന്നു’, ‘ഒരു ബിജെപിക്കാരനിൽ നിന്ന് നിങ്ങൾ എങ്ങനെയാണ് സിവിക് സെൻസ് പ്രതീക്ഷിച്ചത് ?’- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
എന്നാൽ സുരേഷ് ഗോപിയെ അനുകൂലിക്കുന്നവരും കുറവല്ല. ‘അങ്ങനെ ചെയ്തതിൽ എന്താണ് കുഴപ്പം ? അദ്ദേഹത്തിന് ഒസിഡി പ്രോബ്ലം ഉണ്ടായിരിക്കാം’, ‘ആരെങ്കിലും ഷേക്ക് ഹാൻഡ് കൊടുത്തിട്ട് കൈ കഴുകിയതായിരിക്കും’ എന്നൊക്കെയാണ് സുരേഷ് ഗോപിയെ അനുകൂലിക്കുന്നവർ കുറിച്ചിരിക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസം കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ പൊതുചടങ്ങിൽ വെച്ച് ആപ്പിളുകൾ കടിച്ച ശേഷം അണികൾക്ക് നേരെ എറിഞ്ഞു നൽകിയ സംഭവത്തെക്കുറിച്ചും ആളുകൾ പരാമർശിക്കുന്നുണ്ട്. ഇതിന് മുൻപ് ടൊവിനോ തോമസ് നായകനായെത്തിയ പള്ളിച്ചട്ടമ്പിയുടെ പ്രൊമോഷന് പരിപാടിക്കിടെ നടി കയാദു ലോഹറിന്റെ പെരുമാറ്റവും വിമർശനങ്ങൾക്ക് കാരണമായിരുന്നു. കുപ്പി വായില് മുട്ടിച്ച് വെള്ളം കുടിച്ചതിനാണ് കയാദുവിനെതിരെ വിമർശനങ്ങളുയർന്നത്.