നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ഒന്നാം പ്രതി ദിലീപിനും കൂട്ടുപ്രതികള്‍ക്കും ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം. ജസ്റ്റിസ് പി ഗോപിനാഥാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം വിധിക്കെതിരെ പ്രോസിക്യൂഷന്‍ സുപ്രീംകോടതിയെ സമീപിക്കും.
കേസില്‍ ദിലീപ് ആയിരുന്നു ഒന്നാം പ്രതി. സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍. സുരാജ്, ഡ്രൈവര്‍ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങളായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നടന്നത്.
ജനുവരി 10 നാണ് ദിലീപ് കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പലതവണ വാദം കേട്ട ഹര്‍ജിയിലെ വാദം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന വിവരം റിപ്പോര്‍ട്ടര്‍ ടിവിയിലൂടെയാണ് പുറത്തു വന്നത്. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക സാക്ഷിയായ ബാലചന്ദ്രകുമാറാണ് ഇക്കാര്യം റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തിയത്. ഇതു സംബന്ധിച്ച ശബ്ദരേഖകളും പുറത്തു വന്നു. ഇതിനു പിന്നാലെയാണ് ദിലീപിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തത്.
എന്നാല്‍ ബാലചന്ദ്രകുമാര്‍ കെട്ടിയിറക്കിയ സാക്ഷിയാണെന്നായിരുന്നു ദിലീപിന്റെ വാദം. പൊതുബോധം അനുകൂലമാക്കാന്‍ ഗൂഡാലോചന നടത്തിയാണ് ബാലചന്ദ്രകുമാറിന്റെ അഭിമുഖം മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ഇതുവരെയും ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു അപായ ശ്രമവും ഉണ്ടായതായി പരാതിയിലില്ല. ഇതെങ്ങനെ ഗൂഡാലോചനയാവുമെന്നും പ്രതിഭാഗം ചോദിച്ചിരുന്നു.
എന്നാല്‍ പിന്നീട് ദിലീപ് നടത്തിയത് ഗൂഡാലോചന തന്നെയാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ നിരത്തിയാണ് പ്രോസിക്യൂഷന്‍ ഈ വാദത്തെ എതിര്‍ത്തത്. ഇതിന്റെ ഭാഗമായി ദിലീപിന്റെയും ബന്ധുക്കളുടെയും വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തുകയും ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.അന്വേഷണത്തിന്റെ ഭാ?ഗമായി ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ് സുഹൃത്തുക്കളായ ശരത്ത്, ഷൈജു ചെമ്മനങ്ങാട് തുടങ്ങിയവരെ ക്രൈം ബ്രാഞ്ച് കോടതിയുടെ അനുമതിയോടെ ചോദ്യം ചെയ്തിരുന്നു.